ഒരു വർഷം ഒരു ലക്ഷം പദ്ധതി : പറവൂർ മണ്ഡലത്തിൽ ആരംഭിച്ചത് 521 സംരംഭങ്ങൾ
പറവൂർ : സംസ്ഥാന സർക്കാരിൻ്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതി പ്രകാരം പറവൂർ നിയോജക മണ്ഡലത്തിൽ ഇതുവരെ ആരംഭിച്ചത് 521 സംരംഭങ്ങൾ. ഇതുവഴി 967 പേർക്ക് തൊഴിൽ ലഭിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന മണ്ഡലതല അവലോകന യോഗം മണ്ഡലത്തിലെ എം എൽ എ യും നിയമസഭാ പ്രതിപക്ഷ നേതാവുമായ വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
മലയാളികളിൽ സംരംഭകത്വ സംസ്കാരം വളർത്തിയെടുക്കാൻ പദ്ധതിക്കു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ ആരംഭിക്കുന്ന ചെറുതും വലുതുമായ എല്ലാ സംരംഭങ്ങൾക്കും പിന്തുണ നൽകും. സംരംഭകർക്ക് ആവശ്യമായ എല്ലാ മാർഗനിർദ്ദേശങ്ങളും വ്യവസായ വകുപ്പ് ഇൻ്റേൺസ് നൽകണം. കൂടാതെ ആരംഭിച്ച സംരംഭങ്ങൾ മുന്നോട്ടു പോകുന്നുണ്ടോ, അവർക്കു സഹായങ്ങൾ ആവശ്യമുണ്ടോ എന്നു കൂടി ഇവർ പരിശോധിക്കണമെന്നും എം.എൽ.എ പറഞ്ഞു.
പദ്ധതി ആരംഭിച്ച് ആറു മാസം പിന്നിടുമ്പോൾ ഒരു വർഷം കൊണ്ട് 1085 സംരംഭങ്ങൾ എന്ന ലക്ഷ്യത്തിൽ 48.27 ശതമാനം സംരംഭങ്ങൾ മണ്ഡലത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 26.51 കോടി രൂപയുടെ നിക്ഷേപം നടന്നു. പറവൂർ നഗരസഭയിൽ 73 സംരംഭങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ലക്ഷ്യത്തിൻ്റെ 51.43 ശതമാനം സംരംഭങ്ങൾ ആരംഭിക്കാനും 224 പേർക്ക് തൊഴിൽ നൽകാനും സാധിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു. പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ടീച്ചർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യാ തോമസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ.രമ, പറവൂർ താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ വി.ആർ തരുൺ കുമാർ, എറണാകുളം ലീഡ് ബാങ്ക് ഡിസ്ട്രിക്ട് മാനേജർ മോഹൻകുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Leave A Comment