പ്രാദേശികം

ചേന്ദമംഗലം സഹകരണ ബാങ്കിൽ പതിനാറര കോടി രൂപയുടെ ക്രമക്കേട്; ഭരണ സമിതിയെ പുറത്താക്കണമെന്ന് എൽ.ഡി.എഫ്

പറവൂര്‍ :പതിനാറരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയ ചേന്ദമംഗലം സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ച് വിട്ട് കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് എൽ.ഡി.എഫ്. ചേന്ദമംഗലം പഞ്ചായത്ത് കമ്മറ്റി കൺവീനർ ഏ.കെ.സുരേഷ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്ത് നിലം കാറ്റഗറി ഭൂമിക്ക് അധിക മതിപ്പുവില ഈടാക്കി തിരിച്ചടവു ശേഷിയില്ലാത്തവർക്ക് വായ്പ നല്‍കിയതായും  ഏ.കെ.സുരേഷ് ആരോപിച്ചു.

ചേന്ദമംഗലം ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്ത് നിലം കാറ്റഗറിയില്‍ പെട്ട  ഭൂമിക്ക് അധിക മതിപ്പുവില ഈടാക്കി തിരിച്ചടവു ശേഷിയില്ലാത്തവർക്കായി മുൻ ബാങ്ക് സെക്രട്ടറിമാരായ സാലി 1.75 കോടിയും , മുരളീധരൻ 6.75 കോടിയും , ഔസേപ്പ് 8 കോടി എന്നിങ്ങനെ നൽകിയിട്ടുള്ളതായി എല്‍ ഡി എഫ് നേതാക്കള്‍ ആരോപിച്ചു. ഇത്തരത്തിലുള്ള പതിനാറര കോടി രൂപയുടെ വായ്പകളാണ് ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുള്ളത് എന്നും നേതാക്കള്‍ പറഞ്ഞു.

ബാങ്കിൽ നടന്ന ക്രമക്കേടിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭരണ സമിതിയംഗമായ ലിജോ കൊടിയൻ നൽകിയ പരാതിയിൽ സഹകരണചട്ടം 65 ആം വകുപ്പ് പ്രകാരം അന്വേഷണം നടത്തിയിരുന്നു.

വായ്പ നൽകിയ മുൻ സെകട്ടറിമാരും ഭരണ സമതി അംഗങ്ങളായ കെ.ശിവശങ്കരൻ, പി. ഭരതൻ, അരുൺ ജോർജ്, ജോമി ജോസി, കെ.ജി. റാഫേൽ ,വി.എം.മണി, കെ.പി.ത്രേസ്യാമ്മ, മണി ടീച്ചർ, കെ.കെ. വിലാസിനി, സി.പി.ഉണ്ണികൃഷ്ണൻ , കെ.കൃഷ്ണൻ കുട്ടി എന്നിവരും കുറ്റക്കാരാണന്നും ഇതുമൂലം ബാങ്കിന് വരുന്ന നഷ്ടം ഇവരിൽ നിന്നും ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിചിരുന്നതായി  ഏ.കെ.സുരേഷ് ചൂണ്ടിക്കാട്ടി.  വായ്പ നൽകുന്നതിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ രണ്ടു പേർ ഒഴികെയുള്ളവർക്ക് ഭരണ സമിതിയംഗങ്ങളായി തുടരാൻ അർഹതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നതായി ബാങ്ക് ഭരണ സമിതിയംഗം ലിജോ കൊടിയൻ പറഞ്ഞിരുന്നു. എൽ.ഡി.എഫ് നേതാക്കളായ ടി.ആർ. ലാലൻ, വി.എസ്.ബാബു, കെ.എസ്.ശിവദാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave A Comment