അന്നമനട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരേ നൽകിയ അവിശ്വാസപ്രമേയം തള്ളി; ആരോപണ പ്രത്യാരോപണങ്ങള്‍
മാള : അന്നമനട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരേ പ്രതിപക്ഷ അംഗങ്ങൾ നൽകിയ അവിശ്വാസപ്രമേയം തള്ളി. ഭരണസ്തംഭനം ഉൾപ്പെടെയുള്ള ആരോപണങ്ങളുന്നയിച്ചാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ എട്ടംഗങ്ങൾ ഒപ്പിട്ട അവിശ്വാസപ്രമേയ നോട്ടീസ് നൽകിയിരുന്നത്. ഇന്ന് രാവിലെ അവിശ്വാസം ചർച്ചക്കെടുത്ത് വോട്ടെടുപ്പ് നടത്തിയെങ്കിലും കോൺഗ്രസിലെ ഒരംഗത്തിന്റെ വോട്ട് അസാധു ആയതോടെ പ്രമേയം തള്ളുകയായിരുന്നു.
അന്നമനട പഞ്ചായത്തിലെ പിൻവാതിൽ നിയമനം, പ്രസിഡന്റിന്റെ ദുരിതാശ്വാസനിധിയിലെ ഫണ്ട് വകമാറ്റൽ, ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ അടക്കമുള്ള ആരോപണങ്ങളാണ് പ്രതിപക്ഷ അംഗങ്ങൾ അവിശ്വാസത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
അവിശ്വാസപ്രമേയത്തിൽ ഒപ്പിടാതിരുന്ന കോൺഗ്രസ് വിമത അംഗം കൃഷ്ണകുമാർ വോട്ടെടുപ്പിൽ ബാലറ്റിൽ പേരെഴുതി ഒപ്പിടാതിരുന്നത്തോടെയാണ് അവിശ്വാസം തള്ളിയത്. 18 അംഗ ഭരണസമിതിയിൽ സ്വതന്ത്രനായി ജയിച്ച ആളടക്കം കോൺഗ്രസിനും എൽ.ഡി.എഫിനും ഒമ്പത് അംഗങ്ങളായിരുന്നു. ഇതേത്തുടർന്ന് നടുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫിന് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്.
വാര്‍ഡ് മെമ്പറും കോൺഗ്രസിലെ മണ്ഡലം പ്രസിഡന്റുമായിരുന്ന എം.കെ. കൃഷ്ണകുമാർ കോൺഗ്രസുമായി അകലം പാലിച്ചതോടെ ഭരണപക്ഷത്തിന് പ്രതിപക്ഷ നിരയില്‍ വിള്ളലുണ്ടാക്കാനായി എന്നതാണ് രാഷ്ട്രീയ നേട്ടം. ആ അകൽച്ച അവിശ്വാസത്തിലും പ്രതിഫലിച്ചു. കൃഷ്ണകുമാര്‍ മാനസികമായി ഇപ്പോള്‍ ഇടതുചേരിക്കൊപ്പമാണ് എന്ന് ഇന്നത്തെ പ്രമേയ ചർച്ചയിലൂടെ വ്യക്തമായി. അവിശ്വാസം ചർച്ചയ്ക്കെടുക്കുന്ന മുറയ്ക്ക് കോൺഗ്രസ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച വ്യക്തിയെന്ന നിലയിൽ വോട്ടെടുപ്പിൽ കൃഷ്ണകുമാറിന് പാർട്ടി വിപ്പ് നൽകിയിരുന്നു.
അവിശ്വാസം തള്ളിയ സാഹചര്യത്തിൽ വൈസ് പ്രസിഡന്റ് രാജിവെക്കണമെന്ന് പ്രസിഡന്റ് പി വി വിനോദ് ആവശ്യപ്പെട്ടു. മികച്ച രീതിയിലാണ് ഇടതുപക്ഷ ഭരണം നടക്കുന്നതെന്ന് പി വി വിനോദ് അവകാശപ്പെട്ടു.
എന്നാൽ ഇടത് ഭരണത്തിന് കീഴിൽ പിൻ വാതിൽനിയമനമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ അംഗം കെ കെ രവി നമ്പൂതിരി ആരോപിച്ചു. പിൻവാതിൽ വഴി സ്വന്തകാർക്കു നിയമനം നൽകിയിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സ്വീപ്പർ, 1 ഡ്രൈവർ, 1 ടെക്നിക്കൽ അസിറ്റന്റ്, ഹെൽത്ത് ഡിപ്പാർട്മെന്റ് ഡോക്ടർ, എൻ. ആർ. ജി. എസ് ഓവർസീയർ, 1 ഫർമസിസ്റ്റ്, 3 ആയുർവേദ ഹോസ്‌പിറ്റൽ സ്റ്റാഫ് എന്നിവരെ അനധികൃതമായി നിയമിച്ചിട്ടുണ്ട്.
പഞ്ചായത്തിൽ വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തിയതിൽ യോഗ്യതയുള്ളവരെ തഴഞ്ഞ് പാർട്ടി അനുഭാവികളെ തിരുകി കയറ്റിയതായിട്ടാണ് രവി നമ്പൂതിരി ആക്ഷേപം ഉന്നയിച്ചത്. ഇന്റർവ്യൂവിൽ ഹാജരായ 11 ഉദ്യോഗാർത്ഥികളിൽ നിന്ന് യോഗ്യതയും അനുഭവ പരിജ്ഞാനമുള്ളവരെ മാറ്റി നിർത്തിക്കൊണ്ട് യോഗ്യതയില്ലാത്തവരെ നിയമിച്ചതായും രവി നമ്പൂതിരി ആരോപിച്ചു. പിൻ വാതിൽ നിയമന പ്രതിഷേധം രുക്ഷമായപ്പോൾ പിൻ വാതിൽ വഴി ഉദ്യോഗം നേടിയ ഉദ്യോഗാർഥി രാജിവെച്ചു പോയതായും പ്രതിപക്ഷ അംഗം കൂട്ടിച്ചേർത്തു.
Leave A Comment