പ്രാദേശികം

നെടുമ്പാശ്ശേരി മേഖലയിൽ തെരുവ് കയ്യടക്കി കുറുക്കന്മാരും

അത്താണി : തെരുവുനായ്ക്കൾക്ക് പിറകേ, തെരുവ് കൈയടക്കി കുറുക്കന്മാരും. നെടുമ്പാശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ പലഭാഗത്തും കുറുക്കന്മാരുടെ ശല്യം കൂടുകയാണ്. ആളൊഴിഞ്ഞ പറമ്പുകളിലും കാടുകളിലുമാണ് ഇവയുടെ താമസം.

കാംകോ കമ്പനിയുടെ പിറകിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം മുതൽ പൊയ്ക്കാട്ടുശ്ശേരി, കുറുപ്പനയം പാടം, കഴുവൻകാട്, മരങ്ങാട് പാടശേഖരം, പുത്തൻതോട് പരിസരം, ചെങ്ങമനാട് ചിറ പരിസരം, ചെങ്ങമനാട് അമ്പലത്തിന് കിഴക്ക് ഭാഗത്തേക്കുള്ള റോഡ്‌ എന്നിവിടങ്ങളിൽ ഒരുമാസമായി കുറുക്കന്മാരുടെ ശല്യമുണ്ട്. പല സ്ഥലങ്ങളിലായി ചെറുതും വലുതുമായ 25-ഓളം കുറുക്കന്മാരെ കണ്ടതായി നാട്ടുകാർ പറയുന്നു.

പലതിനും വലിയ നായയുടെ വലുപ്പമുണ്ട്. പത്തോളം വീടുകളിൽനിന്ന് കോഴികളെ കൊന്നുതിന്നു.ആദ്യം രാത്രികാലങ്ങളിൽ മാത്രമാണ് ശല്യം ഉണ്ടായിരുന്നത്. എന്നാൽ അടുത്തിടെ പകലും ഇവ റോഡുകളിലും ആളൊഴിഞ്ഞ വീടുകളുടെ മുറ്റത്തും അലഞ്ഞു തിരിയുകയാണ്. സന്ധ്യയായാൽ വലിയ ശബ്ദത്തിൽ കൂട്ടത്തോടെ ഓരിഇടുന്നുണ്ട്. കുറുക്കന്മാരുടെ ശല്യം കൂടിയതോടെ രാവും പകലും ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പലരും ഭയപ്പെടുകയാണ്.  കഴിഞ്ഞദിവസം രാത്രിയിലും പകലും ചെങ്ങമനാട് അമ്പല പരിസരത്തുനിന്ന് കിഴക്കൻ മൂലയിലേക്കുള്ള റോഡിൽ കുറുക്കന്മാർ കൂട്ടത്തോടെ അലഞ്ഞു തിരിഞ്ഞിരുന്നു.

കുറുക്കന്മാരുടെ ശല്യം തടയാൻ അധികൃതർ ശക്തമായ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave A Comment