ആലുവയിൽ വൻ സ്പിരിറ്റ് വേട്ട; 805 ലിറ്റർ പിടികൂടി
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ എടയപ്പുറം മനക്കത്താഴം കവലയിലെ വാടകവീട്ടിൽ തൃശൂർ പോലീസിന്റെ വൻ സ്പിരിറ്റ് വേട്ട. കോഴിക്കോട് സ്വദേശിയായ യുവാവ് വാടകയ്ക്കെടുത്ത വീട്ടിൽ 35 ലിറ്ററിന്റെ 23 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 805 ലിറ്റർ സ്പിരിറ്റ് ആണ് കണ്ടെടുത്തത്.
കൊടുങ്ങല്ലൂരിൽ 450 ലിറ്റർ സ്പിരിറ്റുമായി പിടിയിലായ രണ്ടുപേരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രാവിലെ എടയപ്പുറത്ത് റെയ്ഡ് നടന്നത്. വാടക വീടിന്റെ പിൻവാതിൽ ചവിട്ടിപ്പൊളിച്ച് പോലീസ് അകത്തുകടക്കുകയായിരുന്നു. കിടപ്പുമുറിയിലാണ് സ്പിരിറ്റ് കന്നാസുകൾ കണ്ടെത്തിയത്.
ആലുവയിൽനിന്ന് എക്സൈസ് സംഘമെത്തി പിടികൂടിയത് സ്പിരിറ്റ് ആണെന്ന് പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്. കേസിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Leave A Comment