പ്രാദേശികം

മധ്യപ്രദേശ് ബസപകടം: ക്രൈസ്റ്റ് കോളേജിലെ പരിക്കേറ്റ 16 പേർ ആശുപത്രി വിട്ടു

ഇരിങ്ങാലക്കുട : മധ്യപ്രദേശിലെ റായ്പുരിലുണ്ടായ ബസപകടത്തിൽ പരിക്കേറ്റ ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളും അധ്യാപകരും സുഖം പ്രാപിക്കുന്നു.

തലയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റ ജെബൽപുർ സ്പെഷ്യാലിറ്റി ആശുപത്രിയിലുള്ള അവസാനവർഷ ബി.എസ്‌സി. ജിയോളജി വിദ്യാർഥി എഡ്വേർഡ് ബെൻ മാത്യു അപകടനില തരണംചെയ്തു. ഞായറാഴ്ച പുലർച്ചെ ശസ്ത്രക്രിയയ്ക്ക്‌ വിധേയനായ എഡ്വേർഡ്‌ ബോധം തിരിച്ചുകിട്ടിയ ശേഷം കൂട്ടുകാരുടെ ആരോഗ്യവിവരങ്ങൾ തിരക്കി. കട്നി സിറ്റി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 16 പേർ ഞായറാഴ്ച ആശുപത്രി വിട്ടു.

എഡ്വേർഡ് ബെൻ മാത്യു മാത്രമാണ് ചികിത്സയിൽ തുടരുന്നത്. ശനിയാഴ്ച രാത്രി 7.15-ഓടെയാണ് പഠനയാത്രപോയ വിദ്യാർഥികൾ സഞ്ചരിച്ച ബസുകളിലൊന്ന് പന്നാ ജില്ലയിലെ റായ്പുരിലെ താഴ്ചയിലേക്ക് മറിഞ്ഞത്.

കോളേജിലെ ബി.എസ്‌സി. ജിയോളജി വിഭാഗത്തിലെ ആറ്‌ അധ്യാപകരും 71 വിദ്യാർഥികളും 14-നാണ് തീവണ്ടിയിൽ ജബൽപുരിലെ ഖനികളിലേക്ക് ഫീൽഡ് ട്രിപ്പുപോയത്. ശനിയാഴ്ച സാഗർ സർവകലാശാല സന്ദർശിച്ചശേഷം അവിടെ നിന്നേർപ്പാടുചെയ്ത രണ്ടു ബസുകളിലായി കട്നിയിലെ മാർബിൾഖനി കാണാൻ പോകുന്നതിനിടെയാണ് അപകടം.

മധ്യപ്രദേശുകാരനായ ബസ് ജീവനക്കാരൻ സംഭവസ്ഥലത്ത്‌ മരിച്ചിരുന്നു.

Leave A Comment