പ്രാദേശികം

ചാലക്കുടി മണ്ഡലത്തിൽ : 5 റോഡുകൾ കൂടി വികസിപ്പിക്കും-ബെന്നി ബഹനാൻ

അങ്കമാലി : ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ ഇതിനോടകം അനുവദിച്ച 11 റോഡുകൾക്ക് പുറമേ അഞ്ച് പുതിയ റോഡുകൾ കൂടി പി.എം.ജി.വൈ.എസ്. പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുമെന്ന് ബെന്നി ബഹനാൻ എം.പി. അറിയിച്ചു. പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ അകെ 94 കിലോമീറ്റർ റോഡ് 68 കോടി രൂപ ചെലവഴിച്ചാണ് വികസിപ്പിക്കുന്നത്. ആലുവ നിയോജകമണ്ഡലത്തിലെ എടത്തല പഞ്ചായത്തിലൂടെ 7.6 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന തേവയ്ക്കൽ-കുഞ്ചാട്ടുകര-ശാന്തിഗിരി-വാഴക്കുളം റോഡിന്റെ പ്രോജക്ട് തുകയായി 6.51 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ തിരുവാണിയൂർ, പൂത്തൃക്ക പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് 9.301 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന കോട്ടൂർ-പൂത്തൃക്ക-വണ്ടിപ്പേട്ട റോഡ് 5.5 മീറ്റർ ക്യാരേജ് വെയിൽ ബി.സി. സർഫസിങ് ചെയ്യുന്നതിന് 10.75 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

മഴുവന്നൂർ പഞ്ചായത്തിലെ മഴുവന്നൂർ-ഇലഞ്ഞിക്കാപ്പിള്ളി-മംഗലത്തുനട എൽ.പി. സ്‌കൂൾ റോഡിന്റെ പ്രോജക്ട് തുകയായി 5.55 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ ഒക്കൽ പഞ്ചായത്തിൽപ്പെട്ട വല്ലം തൊടാപ്പറമ്പ്-കാവുംപറമ്പ്-വഞ്ചിപ്പറമ്പ് റോഡ് (5.10 ലക്ഷം), അങ്കമാലി നിയോജകമണ്ഡലത്തിലെ മൂക്കന്നൂർ പഞ്ചായത്തിലെ പൂതംകുറ്റിപ്പാടം-ഏടലക്കാട് റോഡ് (4.25 ലക്ഷം) എന്നിവയാണ് പുതിയ മറ്റ് രണ്ട് റോഡുകൾ. 2024 മാർച്ചിനുള്ളിൽ പണി പൂർത്തീകരിക്കുന്ന രീതിയിലാണ് പദ്ധതി മുന്നോട്ടുപോകുന്നത്.

Leave A Comment