പ്രാദേശികം

സഹകരണ എക്സ്പോ: ഇരട്ട നേട്ടവുമായി വെണ്ണൂർ സഹകരണ ബാങ്ക്

അന്നമനട: സഹകരണ മേഖലയിലെ മികച്ച മാതൃകകളും, ഉൽപ്പന്നങ്ങളും പ്രദർശന വേദിയായ കൊച്ചി മറൈൻഡ്രൈവിൽ ഏപ്രിൽ 22 ന് ആരംഭിച്ച സഹകരണ എക്സ്പോയിൽ പ്രാഥമിക കാർഷിക വായ്പ സംഘങ്ങളുടെ വിഭാഗത്തിലും, വിപണന മികവിലും രണ്ട് ഒന്നാം സ്ഥാനങ്ങൾ വെണ്ണൂർ സർവീസ് സഹകരണ  ബാങ്ക് കരസ്ഥമാക്കി. ബാങ്ക് നടത്തുന്ന പ്രവർത്തനങ്ങളുടെ മാതൃകയാണ് പ്രദർശനമായി ഒരുക്കിയിരുന്നത്. 

 ബാങ്കിന്റെ പ്രവർത്തനങ്ങളെ വിവിധ മേഖലകളായി തിരിച്ച് ബാങ്കിംഗ്, ഉൽപാദനം സംസ്കരണം, വിപണനം, മെഡിക്കൽ സേവനങ്ങൾ, ഇതര സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങൾ എന്നീ ആശയത്തിലാണ് പ്രദർശനം ഒരുക്കിയത്. മറ്റു സഹകരണ സംഘങ്ങൾക്കും മാതൃകയായ ആശയം എന്ന നിലയ്ക്ക് ലഭിച്ച അംഗീകാരം ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് കൂടിയുള്ള അംഗീകാരമാണ്. 

175 കോടി പ്രവർത്തന മൂലധനമുള്ള വെണ്ണൂർ ബാങ്കിന് 164 കോടി രൂപയുടെ നിക്ഷേപമുണ്ട്, സഹകരണ മേഖലയിലെ ഉയർന്ന ക്ലാസ്സിഫിക്കേഷൻ ആയ സൂപ്പർ ഗ്രേഡിലാണ് വെണ്ണൂർ ബാങ്ക് ഇപ്പോൾ പ്രവർത്തിക്കുന്നത്. കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കായി ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ബാങ്കിന് സ്വന്തമായുണ്ട്. 2022 സഹകരണ എക്സ്പോയിലും ഒന്നാം സ്ഥാനം വെണ്ണൂർ സർവ്വീസ് സഹകരണ ബാങ്കിനായിരുന്നു. 2023 ൽ നേട്ടം ഇരട്ടിയാക്കി രണ്ട് ഒന്നാം സ്ഥാനങ്ങൾ കരസ്ഥാമാക്കി മിന്നും പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്  വെണ്ണൂർ ബാങ്ക്.

ഏറ്റവും മികച്ച തീം സ്റ്റാളിന് ഊരാളുങ്കല്‍ ലേബര്‍ കൊണ്ട്രാക്റ്റ് സഹകരണ സംഘം ഒന്നാം സ്ഥാനം നേടി. ഏറ്റവും മികച്ച കൊമ്മേഴ്സല്‍ സ്റ്റാളിന്  വെണ്ണൂർ   സര്‍വ്വീസ് സഹകരണ ബാങ്ക് ഒന്നാംസ്ഥാനം നേടി. കേരള സംസ്ഥാന സഹകരണ ബാങ്ക് മികച്ച തീം സ്റ്റാളിനുള്ള രണ്ടാം സ്ഥാനവും നേടി.വായ്പാ സഹകരണ സംഘങ്ങളിലും  വെണ്ണൂർ  സര്‍വ്വീസ് സഹകരണ ബാങ്ക് ഒന്നാം സ്ഥാനം നേടി.

Leave A Comment