പ്രാദേശികം

കൊടുങ്ങല്ലൂർ - തൃശ്ശൂർ സംസ്ഥാന പാത വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കയ്യേറ്റം പൊളിച്ചു തുടങ്ങി

വെള്ളാങ്ങല്ലൂർ : കൊടുങ്ങല്ലൂർ - തൃശ്ശൂർ സംസ്ഥാനപാതയിൽ കരൂപ്പടന്ന മുതൽ - അണ്ടാണിക്കുളം വരെയുള്ള റോഡരികിലെ കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ കെ.എസ്.ടി.പി.യുടെ നേതൃത്വത്തിൽ തുടങ്ങി. പോലീസ്, റവന്യൂ അധികൃതരുടെ സഹായത്തോടെ വ്യാഴാഴ്ച ഉച്ചയോടെ കരൂപ്പടന്ന ആശുപത്രി പരിസരത്തുനിന്ന് തുടങ്ങി കൊടയ്ക്കാപ്പറമ്പ് വളവിനു സമീപം വരെയാണ് പുറമ്പോക്കിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചത്.

കൊടുങ്ങല്ലൂർ - കൂർക്കഞ്ചേരി കോൺക്രീറ്റ് റോഡ്‌ നിർമാണത്തിന്റെ ഭാഗമായി ഇലക്‌ട്രിക് പോസ്റ്റുകൾ, പൈപ്പ് ലൈനുകൾ എന്നിവ റോഡിന്റെ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് റോഡരികിലുള്ള പി.ഡബ്ല്യു.ഡി.യുടെ പുറമ്പോക്ക് സ്ഥലങ്ങൾ ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്.

നേരത്തെ റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ റോഡിന്റെ ഇരുവശവും അളന്ന് കല്ലിടൽ പൂർത്തിയാക്കിയിരുന്നു. ഈ കല്ലിന് അകത്തുള്ള മുഴുവൻ കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. ഏഴുദിവസത്തിനകം സ്വമേധയാ ഇത്തരം നിർമാണങ്ങളെല്ലാം നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം കെ.എസ്.ടി.പി.യുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കുമെന്നും കാണിച്ച് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഈ നിർദേശം പാലിക്കാത്തവരുടെ നിർമാണ പ്രവർത്തനങ്ങളാണ് വ്യാഴാഴ്ച പൊളിച്ചത്.

Leave A Comment