പ്രാദേശികം

ആലുവയിൽ ഹോട്ടൽ അക്രമിച്ച കേസ്: പ്രതികൾ പിടിയിൽ

ആലുവ : ആലുവ പുളിഞ്ചോട് ഹോട്ടൽ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. എടത്തല മുരിങ്ങാശ്ശേരിവീട്ടിൽ സിയാദ് (37), തൃക്കാക്കര വടകോട് കുറുപ്രഭാഗത്തുനിന്നും ഇപ്പോൾ കൊടികുത്തിമലയിൽ താമസിക്കുന്ന കളപ്പുരയ്ക്കൽവീട്ടിൽ ഷാഹുൽ (35), നൊച്ചിമ എൻ.എ.ഡി. ചാലയിൽവീട്ടിൽ സുനീർ (23), തൃക്കാക്കര ഞാലകം തിണ്ടിക്കൽവീട്ടിൽ സനൂപ് (32) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

 പ്രതികളെ ഒളിവിൽകഴിയാൻ സഹായിച്ചതിന് കടുങ്ങല്ലൂർ കല്ലിടംപുരയിൽ മുഹമ്മദ് അൽത്താഫ് (36), ആലുവ മാർക്കറ്റിനുസമീപം ഗ്രേറ്റ് വാട്ടർ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന സിയാദിന്റെ ഭാര്യ റൂച്ചി (41) എന്നിവർക്കെതിരേ കേസെടുത്തിട്ടുണ്ട്.

 ടർക്കിഷ് മന്തി എന്ന ഹോട്ടലിൽ വ്യാഴാഴ്ച പുലർച്ചെ 12.30-നാണ് സംഭവം. ഭക്ഷണത്തിന് പണംചോദിച്ച വൈരാഗ്യത്തിൽ സംഘം ഹോട്ടലുടമയുമായി തർക്കിച്ച് പണംകൊടുക്കാതെ പോവുകയും കുറച്ചുസമയത്തിനുശേഷം തിരികെവന്ന് ആക്രമണം നടത്തുകയുമായിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികളെ പിടികൂടുന്നതിന് റൂറൽ എസ്.പി. വിവേക് കുമാറിന്റെ നിർദേശത്തേത്തുടർന്ന് പ്രത്യേക ടീം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്.

 വിവിധയിടങ്ങളിൽ കഴിയുകയായിരുന്ന പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിലായി. സിയാദിന്റെപേരിൽ പത്തോളം കേസുകളുണ്ട്.

Leave A Comment