പ്രാദേശികം

കുന്നുകരയിൽ നീരൊഴുക്ക് തടസപ്പെടുത്തി ചെറുപാലങ്ങൾക്കടിയിൽ പുല്ലും പായലും

കുന്നുകര: കോരൻകടവ്, ചെറിയതേയ്ക്കാനം സ്ലൂയിസ് കം ബ്രിഡ്ജ് പാലങ്ങളുടെ അടിയിൽ പുല്ലും പായലും ചെളിയും നിറഞ്ഞ് അങ്കമാലി മാഞ്ഞാലിത്തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടുന്നു. ഇതോടെ കുന്നുകര, ചാലയ്ക്കൽ, കുത്തിയതോട്, ആറ്റുപുറം, ആയിരൂർ, അടുവാശ്ശേരി പ്രദേശത്തെ വാഴ, കപ്പ, പച്ചക്കറികൾ എന്നിവ വെള്ളത്തിനടിയിലായി.

പാലത്തിനടിയിൽ തടയണയ്ക്കായി നിർമിച്ച കോൺക്രീറ്റ് കാലുകളിലാണ് പുല്ലും പായലും അടിഞ്ഞുകൂടിയത്. മാഞ്ഞാലിത്തോട്ടിലെ വെള്ളം പെരിയാറിൽ പതിക്കുന്നതിന് മുൻപുള്ള ചെറുപാലങ്ങളാണിവ. ഓരുവെള്ളം തടയാനും വേനലിൽ കൃഷിക്കാവശ്യമുള്ള വെള്ളം തോട്ടിൽ നിലനിർത്താനുമാണ് ഈ പാലങ്ങൾക്കടിയിൽ തടയണ കെട്ടുന്നത്.

 എന്നാൽ, മൂന്നുനാല്‌ വർഷമായി ഇവിടെ തടയണ കെട്ടുന്നില്ല. പഞ്ചായത്തും മൈനർ ഇറിഗേഷനും ഇതിന്‌ മുൻകൈയെടുക്കാത്തതിൽ പ്രതിഷേധമുണ്ട്. പ്രദേശത്തെ വിവിധ കൃഷികൾ നശിക്കാതിരിക്കാൻ ചെറുപാലങ്ങൾക്കടിയിലെ പുല്ലും പായലും വാരിമാറ്റാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് കേരള കർഷക സംഘം കുന്നുകര വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.

Leave A Comment