അനധികൃത പാചക വാതക വിതരണ കേന്ദ്രത്തിൽ റെയ്ഡ്; 192 സിലിണ്ടറുകൾ കണ്ടെത്തി
ആലുവ: അനധികൃത പാചക വാതക വിതരണ കേന്ദ്രം ആലുവ പോലീസ് കണ്ടെത്തി. റെയ്ഡിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 192 ഗാർഹിക, വാണിജ്യ സിലിണ്ടറുകളുടെ ശേഖരം കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ ചൂർണ്ണിക്കര കുന്നത്തേരി വെള്ളാഞ്ഞി വീട്ടിൽ ഷമീർ (44), സഹായി ബീഹാർ മിസാപ്പൂർ സ്വദേശി രാമാനന്ദ് (48) എന്നിവരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.
കുന്നത്തേരിയിലെ വീട്ടിൽ നിന്ന് ത്രാസ്, സിലിണ്ടറുകൾ കൊണ്ടുപോകുന്ന വാഹനം, അനുബന്ധ ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു. സിലിണ്ടറിൽ നിന്നും സിലിണ്ടറിലേക്ക് വാതകം മാറ്റുന്ന ഉപകരണങ്ങളും കിട്ടിയിട്ടുണ്ട്. നിറച്ചതും നിറയ്ക്കാത്തതുമായ സിലിണ്ടറുകളാണ് കണ്ടെത്തിയത്. അനധികൃത വില്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ആലുവ ഡിവൈഎസ്പി എ പ്രസാദിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പരിശോധന നടത്തിയത്.
ആവശ്യാനുസരണം പാചകവാതകം നിറച്ച് ഉയർന്ന വിലയ്ക്കാണ് ഹോട്ടലുകൾ, വിവാഹ പാർട്ടികൾ, വീടുകൾ എന്നിവിടങ്ങളിലേക്കാണ് സിലിണ്ടർ വില്പന നടത്തിയിരുന്നത്. കുറേക്കാലമായി വിപണനം ആരംഭിച്ചിട്ടെന്നും രഹസ്യമായി ആവശ്യക്കാർക്ക് ഗ്യാസ് എത്തിക്കുകയാണെന്നും പോലീസ് അറിയിച്ചു. വീടുകളിൽ നിന്ന് ശേഖരിച്ചവയാണ് സിലിണ്ടറുകൾ എന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. എന്നാൽ അന്വേഷണ സംഘം ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല.
വാണിജ്യ പാചക വാതക സിലിണ്ടറിലേക്ക് ഗാർഹിക സിലിണ്ടറിൽ നിന്നും പാചകവാതകം മാറ്റിയാണ് പ്രധാന വരുമാനം നേടിയിരുന്നത്. പോലീസ് പരിശോധനയ്ക്ക് ചെല്ലുമ്പോൾ വീട് നിറയെ ഗ്യാസ് സിലിണ്ടറുകളായിരുന്നു. ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇവ കൂട്ടിയിട്ടിരുന്നത്. അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിനാൽ ഏതു നിമിഷവും ദുരന്തമുണ്ടാകാനും സാധ്യത ഉണ്ടായിരുന്നു.
അന്വേഷണ സംഘത്തിൽ ഡിവൈഎസ്പിയെ കൂടാതെ ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്, എസ്.ഐ പി.റ്റി. ലിജിമോൾ, എഎസ്ഐമാരായ ബി. സുരേഷ് കുമാർ, കെ.പി. ഷാജി, സിപിഒമാരായ എസ്.സുബ്രഹ്മണ്യൻ, കെ.ആര്. രാജേഷ്, വി.എ. അഫ്സൽ എന്നിവരാണ് ഉണ്ടായിരുന്നത്.
Leave A Comment