പ്രാദേശികം

വീട്ടമ്മയിൽ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്തു; പറവൂരില്‍ നടന്ന തട്ടിപ്പ് ഇങ്ങനെ

പറവൂര്‍: സൗഹൃദ സംഭാഷണം നടത്തി വിദേശത്ത് ജോലി ചെയ്യുന്ന മകന് ആപത്തുണ്ടാകുമെന്നും പൂജ ചെയ്ത് ആപത്ത് ഒഴിവാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ വീട്ടമ്മയില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുത്തു. വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് സ്വദേശിനിയായ കൊച്ചുത്രേസ്യയുടെയാണ് സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.

കൈലി മുണ്ടും ഷര്‍ട്ടും ധരിച്ച രണ്ട് പുരുഷന്മാര്‍ കൊച്ചുത്രേസ്യയുടെ വീട്ടിലെത്തി ഏറെ നേരം കുടുംബ വിശേഷങ്ങള്‍ സൗഹൃദപരമായി സംസാരിച്ച ശേഷം മകന് വലിയ ആപത്തുണ്ടാകുമെന്നും പ്രത്യേക പൂജകള്‍ ചെയ്യണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പൂജ ചെയ്യാന്‍ സ്വര്‍ണം ആവശ്യമാണെന്നും പൂജയ്ക്ക് ശേഷം മൂന്ന് മണിയോടെ തിരിച്ചെത്തിക്കാമെന്നും ഉറപ്പ് നല്‍കി വീട്ടമ്മയുടെ ഒന്നര പവന്റെ മാലയും അര പവനും കാല്‍ പവനും വരുന്ന ഓരോ മോതിരങ്ങളും യാത്രാ ചെലവിനായി 1400 രൂപയും വാങ്ങിച്ചു.

സ്വര്‍ണം കൊടുക്കാന്‍ ആദ്യം വീട്ടമ്മ തയ്യാറായില്ല. എന്നാല്‍, മകന് ആപത്തുണ്ടാകുമെന്ന് വീണ്ടും ആവര്‍ത്തിച്ചതോടെയാണ് വീട്ടമ്മ സ്വര്‍ണ്ണം നല്‍കിയത്. വൈകിട്ടായിട്ടും ഇവര്‍ തിരികെ എത്താതായതോടെ വീട്ടമ്മ ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് വടക്കേക്കര പൊലീസില്‍ പരാതി നല്‍കി.

മുൻപൊരിക്കല്‍ ഇവര്‍ വീട്ടിലെത്തി മകന് ഗള്‍ഫില്‍ തന്നെ കൂടുതല്‍ നല്ല ജോലി കിട്ടാനായി പൂജ ചെയ്യാമെന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്നും 2000 രൂപ വാങ്ങിയിരുന്നു. പ്രദേശത്തെ പലയിടത്തും ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇവര്‍ പല വീടുകളിലും കയറിയിറങ്ങി പണം വാങ്ങിയിട്ടുണ്ട്. സമീപവാസികളില്‍ നിന്ന് വീട്ടുകാരുടെ വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് വീടുകളില്‍ എത്തുന്നത്. സംഭവത്തില്‍ വടക്കേക്കര പൊലീസ് കേസെടുത്തു

Leave A Comment