പ്രാദേശികം

നാലുകോഴികളെ അകത്താക്കി കൂടിനു പുറത്തുകടക്കാനാവാതെ പെരുമ്പാമ്പ്

ഭൂതത്താൻകെട്ട് : കൂട്ടിൽക്കയറി കോഴികളെ പിടിച്ചുതിന്ന പെരുമ്പാമ്പ് പുറത്തുകടക്കാനാവാതെ കുടുങ്ങി. ഭൂതത്താൻകെട്ട് ബോട്ടുജെട്ടിക്കുസമീപം ചെമ്പിൽ പ്രിൻസിന്റെ കൂട്ടിൽ ഉണ്ടായിരുന്ന കോഴികളെയാണ് മലമ്പാമ്പ് തിന്നത്. പന്ത്രണ്ടടിയോളം നീളവും മുപ്പത് കിലോ തൂക്കവുമുള്ള മലമ്പാമ്പിനെയാണ് പിടിച്ചത്.

ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. കൂട്ടിൽ ഉണ്ടായിരുന്ന അഞ്ചിൽ നാലുകോഴികളെയും പാമ്പ് അകത്താക്കി. ഒരുകോഴിയെ പിടിച്ചെങ്കിലും തിന്നാനായില്ല. രാവിലെ കൂടുതുറക്കാൻ എത്തിയ പ്രിൻസിന്റെ ഭാര്യയാണ് വളഞ്ഞുകൂടി കിടക്കുന്ന പാമ്പിനെയും ചത്തകോഴിയെയും കണ്ടത്. വനപാലകരെ വിവരം അറിയിച്ചു.

രാത്രി എപ്പോഴോ കോഴിക്കൂട്ടിൽകടന്ന മലമ്പാമ്പ് കോഴികളെ വിഴുങ്ങിയശേഷം വയർവീർത്ത് പുറത്തേക്കുപോകാൻ സാധിച്ചില്ല. കോഴികൾക്ക് തീറ്റയിട്ടുകൊടുക്കുന്ന പാത്തിയിൽ കൂടിയാണ് പാമ്പ് കൂട്ടിനകത്ത് കയറിയത്. മാർട്ടിനാണ് പാമ്പിനെ പിടിച്ചത്. പാമ്പിനെ പിന്നീട് വനാന്തരത്തിൽ തുറന്നുവിട്ടു.

Leave A Comment