പ്രാദേശികം

പഷ്ണിത്തോട്ടിൽ അറവുമാലിന്യം തള്ളിയ ആളും വാഹനവും കസ്റ്റഡിയിൽ

പറവൂർ : പഷ്ണിത്തോട്ടിൽ അറവുമാലിന്യം തള്ളിയ ആളെ പിടികൂടി. കുഡുംബിസ്ഥാനം മാർക്കറ്റിനുസമീപം ഞായറാഴ്ച രാവിലെ നാലിന് മാഞ്ഞാലി സ്വദേശി അഭിനാസ് ആണ് തോട്ടിലേക്ക് അറവുമാലിന്യമായ പോത്തിനെ അറുത്തതിന്റെ അവശിഷ്ടങ്ങൾ ബക്കറ്റുകളിലാക്കി ഓട്ടോയിൽ കൊണ്ടുവന്ന് തള്ളിയത്. കുറച്ച് തള്ളിയപ്പോഴേക്കും രാത്രികാല പട്രോളിങ് നടത്തിയിരുന്ന നഗരസഭാ ഹെൽത്ത് വിഭാഗം ജീവനക്കാർ പിടിച്ചു. ഇയാൾ കൊണ്ടുവന്ന ഓട്ടോ നഗരസഭാ ഓഫീസിലേക്ക് മാറ്റി. 25,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണന്നും സംഭവവുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

പെരിയാറിന്റെ കൈവഴികളായ പറവൂർ, ചെറിയപ്പിള്ളി പുഴകളെ ബന്ധിപ്പിക്കുന്നതാണ് പഷ്ണിത്തോട്. നഗരസഭയിലെ പറവൂത്തറ മുതൽ കോട്ടുവള്ളി പഞ്ചായത്തിലെ ചെറിയപ്പിള്ളി വരെ ഏകദേശം മൂന്ന് കിലോമീറ്ററോളം ദൈർഘ്യമുണ്ട് തോടിന്. ഇവിടെ മാലിന്യം തള്ളുന്നത് സമീപവാസികൾക്ക് ദുരിതമുണ്ടാക്കുന്നുണ്ട്.

 ലക്ഷങ്ങൾ മുടക്കി അഴുക്കും ചെളിയും നീക്കിയ പഷ്ണിത്തോട്ടിലേക്ക് അറവുമാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ തള്ളുന്നതിനെതിരേ വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതിനേത്തുടർന്നാണ് നഗരസഭയുടെ നേതൃത്വത്തിൽ രാത്രികാല പട്രോളിങ് ആരംഭിച്ചത്. വരുംദിവസങ്ങളിൽ പട്രോളിങ് ശക്തമാക്കുമെന്നും മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്‌സൺ വി.എ. പ്രഭാവതി പറഞ്ഞു.

Leave A Comment