കൊടുങ്ങല്ലൂർ ഉപജില്ലാ കലോത്സവത്തിന് തുടക്കം
കൊടുങ്ങല്ലൂർ: ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് കോട്ടപ്പുറം സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിൽ തിരിതെളിയും. ഉപജില്ലയിലെ 76 വിദ്യാലയങ്ങളിൽനിന്നായി 282 ഇനങ്ങളിൽ മൂവായിരത്തഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുക്കും. പത്തു സ്റ്റേജുകളാണ് സജീകരിച്ചിട്ടുള്ളത്.
കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ മൈതാനത്ത് വചനകൂടാരത്തിലെ ഒന്നാം വേദിയിൽ 9.30ന് അഡ്വ. വി.ആർ.സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സണ് എം.യു. ഷിനിജ ടീച്ചർ അധ്യക്ഷയായിരിക്കും. ഇ.ടി.ടൈസണ് മാസ്റ്റർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, ജില്ലാ കളക്ടർ ഹരിത വി. കുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കും.
കോട്ടപ്പുറം രൂപത മെത്രാൻ ഡോ. ജോസഫ് കാരിക്കശേരി സന്ദേശം നല്കും.കലോത്സവത്തിന്റെ നടത്തിപ്പിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ എം.യു. ഷിനിജ ടീച്ചർ, നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബീന ജോസ്, കോട്ടപ്പുറം സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എൻ.പി. ഫിലോമിന എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Leave A Comment