നഷ്ടപരിഹാരം നൽകിയില്ല : മുകുന്ദപുരം താലൂക്ക് ഓഫീസിലെ കംപ്യൂട്ടറുകൾ ജപ്തിചെയ്തു
ഇരിങ്ങാലക്കുട : ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 27 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വൈകിയതിനെത്തുടർന്ന് മുകുന്ദപുരം താലൂക്ക് ഓഫീസിലെ അഞ്ച് കംപ്യൂട്ടറുകൾ ജപ്തിചെയ്തു. ഇരിങ്ങാലക്കുട സബ് കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ചാലക്കുടി മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിനു വേണ്ടി സ്ഥലം ഏറ്റെടുത്തതിന് ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തുക നൽകാൻ വൈകിയതിനെ തുടർന്നാണ് ഉത്തരവുണ്ടായത്.എന്നാൽ ബാങ്കിൽ നിന്നും വായ്പയെടുത്ത് ഭൂവുടമകൾക്ക് നഷ്ടപരിഹാരവും പലിശയും നൽകാൻ ചാലക്കുടി നഗരസഭയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനിടയിലാണ് കമ്പ്യൂട്ടറുകൾ കോടതി ജപ്തി ചെയ്തത്.
രണ്ട് കേസുകളിലായി മുകുന്ദപുരം താലൂക്ക് ഓഫീസ്, ആർ.ടി.ഒ. വാണിജ്യ നികുതി വകുപ്പ്, എക്സൈസ് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലെ വാഹനങ്ങളും താലൂക്ക്, ആർ.ടി.ഒ., സപ്ലൈ ഓഫീസുകളിലെ കംപ്യൂട്ടറുകളും പ്രിന്ററുകളും മേശകളും അലമാരകളും കസേരകളും ജപ്തി ചെയ്യാനായിരുന്നു കോടതി ഉത്തരവിട്ടത്.
എന്നാൽ ഉത്തരവിൽ നിർദേശിച്ച വാഹനങ്ങളും അലമാരകളും മേശയും കസേരയും മറ്റും ഇപ്പോൾ ഇല്ല. ലാപ്ടോപ്പുകളും സ്ഥിരം ഓഫീസ് സംവിധാനങ്ങളും വന്നതോടെ കംപ്യൂട്ടറുകളും മേശകളും ഒഴികെ മറ്റുള്ളവയെല്ലാം ഒഴിവാക്കിയതിനാൽ അവയൊന്നും ജപ്തിചെയ്യാൻ സാധിച്ചില്ല.
വെള്ളാനിക്കാരൻ ഗില്ലി, ബന്ധുവായ സണ്ണി എന്നിവരടക്കം ആറുപേരിൽനിന്നായി 3.7 ഏക്കർ സ്ഥലമാണ് ചാലക്കുടി നഗരസഭയ്ക്കുവേണ്ടി സർക്കാർ ഏറ്റെടുത്തത്. 1976-ൽ സ്ഥലം കണ്ടെത്തി, 1999-ൽ നടപടി പൂർത്തിയാക്കി. 2010-ലാണ് സ്ഥലം ഏറ്റെടുത്തത്. ഏറ്റെടുത്ത സ്ഥലത്ത് സ്റ്റേഡിയം നിർമ്മാണം പൂർത്തിയായി കളിക്ക് വിട്ടുകൊടുത്തിട്ടും സ്ഥലമുടമകൾക്കുള്ള നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞിട്ടില്ല. തുടർന്നാണ് കോടതി, സർക്കാർ വകുപ്പുകളുടെ സ്വത്തുക്കൾ ജപ്തിചെയ്യാൻ ഉത്തരവിട്ടത്.
Leave A Comment