മലയാളത്തിൽ നിരൂപണ സാഹിത്യം മരിച്ചു കഴിഞ്ഞു: പ്രൊഫ.കെ.വി.രാമകൃഷ്ണൻ
കുഴിക്കാട്ടുശേരി : മലയാളത്തിൽ നിരൂപണ സാഹിത്യം മരിച്ചു കഴിഞ്ഞു എന്നും നല്ല നിരൂപണം നല്ല കൃതികളുണ്ടാവാൻ അനിവാര്യമാണെന്നും പ്രമുഖ കവി
പ്രൊഫ.കെ.വി.രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടന്ന മലയാള കവിതാദിന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ബി.ഹൃഷികേശൻ അധ്യക്ഷനായി. കടലായിൽ പരമേശ്വരനേയും കെ.വി.എസ്.നമ്പൂതിരിയേയും അനുസ്മരിച്ച് വടക്കേടത്ത് പത്മനാഭൻ സംസാരിച്ചു.
വാക്കുകളുടെ കൃത്യമായ അർത്ഥമല്ല, അവയുടെ സന്ദിഗ്ദ്ധതയാണ് കവിതയെ ആകർഷകമാക്കുന്നതെന്ന് കാവ്യസംവാദത്തിൽ പങ്കെടുത്തു കൊണ്ട് കവിപി.പി.രാമചന്ദ്രൻ പറഞ്ഞു. ഈ സന്ദിഗ്ദ്ധതകൊണ്ടാണ് സദാ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് കവിത നമ്മോടൊപ്പം പോരുന്നത്. ന്യൂനപക്ഷ മതത്തിൽപ്പെട്ടവർക്ക് മുഖ്യധാരയിലെത്താൻ പരിമിതികളുണ്ടെന്ന് അൻവർ അലി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അഭിപ്രായപ്പെട്ടു. ഇനിയുള്ള കാലം മുസ്ലീങ്ങൾക്ക് ജീവിക്കാൻ പ്രയാസമായിരിക്കും എന്ന് 1997 ൽ ആർ.നരേന്ദ്ര പ്രസാദ് തന്നോട് പറഞ്ഞിരുന്ന കാര്യം അൻവർ അലി ഓർമ്മിച്ചു. ചാവാതെ രക്ഷപ്പെടാനുള്ള മാർഗ്ഗമായാണ് താൻ കവിതയെഴുത്തിനെ കാണുന്നതെന്ന് കവി പി.രാമൻ പറഞ്ഞു. പ്രൊഫ.വി.കെ.സുബൈദ കാവ്യ സംവാദത്തിൽ മോഡറേറ്ററായിരുന്നു.
ആശയ പ്രചരണത്തിന് കവിതയെ സമർത്ഥമായി ഉപയോഗിക്കാമെന്ന് കാണിച്ചു തന്ന കവിയാണ് കുമാരനാശാനെന്നും കരുണയും ചണ്ഡാലഭിക്ഷുകിയും അതിന് തെളിവാണെന്നും പ്രശസ്ത യുവനിരൂപകൻ ഡോ.കെ.വി. സജയ് അഭിപ്രായപ്പെട്ടു. 'നവോത്ഥാന ചൈതന്യത്തെ കാവ്യ വത്ക്കരിക്കുമ്പോൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബക്കർ മേത്തല അധ്യക്ഷത വഹിച്ചു.
ഇതര ഭാഷാ കവി സംഗമത്തിൽ വാസുദേവൻ പനമ്പിള്ളി അധ്യക്ഷനായി. ശ്യാം സുധാകർ, ഇമ്മാനുവൽ മെറ്റിൽഡ, എബ്രഹാം, ഡോ.വി.ആർ.ശ്രീനിവാസൻ ,നാദിയ റഹ്മാൻ എന്നിവർ പങ്കെടുത്തു.
രാവിലെ ചിത്തിര കുസുമൻ, ഇന്ദുലേഖ പരമേശ്വരൻ, രാധിക സനോജ്, ശ്രീജ നടുവം, ശ്രീല വി.വി. എന്നീ കവികൾ ചേർന്ന് മലയാള കവിതയുടെ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. വിവിധ സെഷനുകളിലായി ബാലകൃഷ്ണൻ അഞ്ചത്ത്, തുമ്പൂർ ലോഹിതാക്ഷൻ, വാസുദേവൻ പനമ്പിള്ളി, അഭി തുമ്പൂർ, അനീഷ് ഹാറൂൺ റഷീദ്, മുരളി ചൂണ്ടക്കാട്, ഇ.കെ.മോഹൻദാസ്, പി.ടി.സ്വരാജ്, സുജൻ പൂപ്പത്തി, വിയോ വർഗീസ് എന്നിവർ സംസാരിച്ചു.
രാവിലെയും വൈകീട്ടുമായി നടന്ന കവിത : ചൊല്ലുംപറച്ചിലിൽ സച്ചിദാനന്ദൻ പുഴങ്കര, അമ്മു ദീപ, വർഗീസാൻ്റണി, നിഷ നാരായണൻ, സലീം ചേനം, ഗംഗാദേവി ടി., കെ.കാർത്തിക്, ഷീബ ജയചന്ദ്രൻ, റഷീദ് കാറളം, എം.സി.സന്ദീപ് തുടങ്ങി അസതോളം പേർ സ്വന്തം കവിതകൾ അവതരിപ്പിച്ചു.
Leave A Comment