‘കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം, ഇത് തുടക്കം മാത്രം’; സിലിണ്ടർ വില വർധനയിൽ കോൺഗ്രസ്
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടർ വില വർധനയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. ജനങ്ങൾക്കുള്ള സർക്കാരിന്റെ പുതുവർഷ സമ്മാനമാണിതെന്നും ഇത് തുടക്കം മാത്രമാണെന്നും കോൺഗ്രസ് പരിഹസിച്ചു. പുതുവർഷത്തിന്റെ ആദ്യദിനത്തിൽ വാണിജ്യ സിലിണ്ടറിന് 25 രൂപയാണ് വർധിച്ചത്. ‘പുതുവർഷത്തിലെ ആദ്യ സമ്മാനമായി വാണിജ്യ പാചക വാതക സിലിണ്ടറിന് 25 രൂപ കൂടി. ഇത് ഒരു തുടക്കം മാത്രമാണ്’- മോദി സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. വില വർധന പ്രകാരം വാണിജ്യ ഉപഭോക്താക്കൾ 19 കിലോഗ്രാം പാചക വാതക സിലിണ്ടറിന് 25 രൂപ കൂടി അധികം നൽകണം. അതേസമയം ഗാർഹിക ഉപഭോക്താക്കളുടെ നിരക്കിൽ മാറ്റമില്ല. വിലവർധനവിന് ശേഷം വാണിജ്യ ഗ്യാസ് സിലിണ്ടറിന് ഡൽഹിയിൽ 1768 രൂപയും മുംബൈയിൽ 1721 രൂപയും കൊൽക്കത്തയിൽ 1870 രൂപയും ചെന്നൈയിൽ 1917 രൂപയും ആയിരിക്കും.വാണിജ്യാടിസ്ഥാനത്തിലുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിലവർധന ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും തിരിച്ചടിയാണ്.
Leave A Comment