രാഹുൽ ഗാന്ധി പാർട്ടിയുടെ അദ്ധ്യക്ഷനായില്ലെങ്കിൽ പലരും വീട്ടിലിരിക്കേണ്ടി വരും: അശോക് ഗെഹ്‌ലോട്ട്
ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തന്നെ വരണമെന്നും അല്ലെങ്കില്‍ പ്രവര്‍ത്തകരെല്ലാം വീട്ടിലിരിക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.
'രാഹുല്‍ ഗാന്ധി രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കണം. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കം, അല്ലെങ്കില്‍ പ്രവര്‍ത്തകര്‍ നിരാശരാകും, പലരും വീട്ടിലിരിക്കാന്‍ തയ്യാറാകും' - അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. രാഹുല്‍ അധ്യക്ഷപദവിയിലേക്കെത്തണമെന്നത് രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
'അദ്ദേഹം കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനാകണമെന്നാണ് എല്ലാവരുടെയും അഭിപ്രായം. അതിനാൽ, അദ്ദേഹം അത് സ്വീകരിക്കണമെന്ന് ഞാൻ കരുതുന്നു. ഇത് ഗാന്ധിയെക്കുറിച്ചോ ഗാന്ധിയേതര കുടുംബത്തെക്കുറിച്ചോ അല്ല. ഇത് സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ചാണ്. ഗെഹ്‌ലോട്ട് പറഞ്ഞു. കഴിഞ്ഞ 32 വർഷത്തിനിടെ ഗാന്ധി കുടുംബത്തിൽ നിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടില്ല. പിന്നെന്തിനാണ് മോദിജി ഈ കുടുംബത്തെ പേടിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
കഴിഞ്ഞ 75 വര്‍ഷത്തിനിടെ രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. രാജ്യത്തിനുളള കോണ്‍ഗ്രസിന്റെ സമ്മാനമാണത്. അതുകൊണ്ടാണ് നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാകാനും കെജ്രിവാളിന് മുഖ്യമന്ത്രിയാകാനും സാധിച്ചത്-അദ്ദേഹം പറഞ്ഞു.
അതേസമയം സെപ്റ്റംബര്‍ 20നുളളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനാണ് കോണ്‍ഗ്രസ് തീരുമാനം. നിശ്ചയിച്ച തിയ്യതിക്കുളളില്‍ തന്നെ അധ്യക്ഷ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും എന്നാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം.
Leave A Comment