പ്രധാനമന്ത്രി ദില്ലി സേക്രഡ് ഹാർട്ട് കത്തിഡ്രലിൽ, ഈസ്റ്റർ ദിന സന്ദർശനം
ദില്ലി : ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ സേക്രഡ് ഹാർട്ട് കത്തിഡ്രലിൽ സന്ദർശനം നടത്തി. വൈകിട്ട് അഞ്ചരയോടെ പള്ളിയിലേക്കെത്തിയ അദ്ദേഹത്തെ വൈദികർ ചേർന്ന് സ്വീകരിച്ചു. മെഴുകുതിരി കത്തിച്ച ശേഷം പ്രധാനമന്ത്രി പ്രാർത്ഥനയിൽ പങ്കെടുത്തു. ഇരുപത് മിനിറ്റോളം പളളിക്കുള്ളിൽ ചിലവഴിച്ച് പുരോഹിതരുമായും വിശ്വസികളുമായും സംവദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ക്രൈസ്തവരെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഈസ്റ്റർ ദിനത്തിലെ പ്രധാനമന്ത്രിയുടെ സേക്രഡ് ഹാർട്ട് കത്തിഡ്രൽ സന്ദർശനം. കഴിഞ്ഞ വർഷം ക്രിസ്മസിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവും ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രല്‍ സന്ദർശിച്ചിരുന്നു.
ക്രൈസ്തവ സഭയെ ഒപ്പം നിർത്താൻ ഈസ്റ്റർ നാളിൽ കേരളത്തിലെ ബിജെപി നേതാക്കളും സഭാ അധ്യക്ഷന്മാരെയും വിശ്വാസികളെയും സന്ദർശിച്ചു. ക്രൈസ്തവസഭയുടെ വിശ്വാസം കൂടി ആർജ്ജിച്ചാണ് ബിജെപി വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ പിടിച്ചത്. അടുത്ത ലക്ഷ്യം കേരളമെന്നാണ് നരേന്ദ്രമോദിയുടെ പ്രഖ്യാപനം.
Leave A Comment