മാപ്പു പറഞ്ഞു; ലളിത് മോദിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു
ന്യൂഡൽഹി: മുൻ ഐപിഎൽ കമ്മീഷണറായിരുന്ന ലളിത് മോദിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചു. ജുഡീഷറിക്കെതിരേ സോഷ്യൽ മീഡിയയിൽ നടത്തിയ പരാമർശങ്ങളിൽ നിരുപാധികം മാപ്പു പറഞ്ഞതോടെയാണ് നടപടികൾ അവസാനിപ്പിച്ചത്.
ജസ്റ്റീസുമാരായ എം.ആർ. ഷായും സി.ടി. രവികുമാറുമാണ് മാപ്പു പറഞ്ഞുകൊണ്ട് ലളിത് മോദി നൽകിയ സത്യവാങ്മൂലം പരിശോധിച്ചശേഷം നടപടികൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഭാവിയിലും കോടതിക്കെതിരായി ഒരു തരത്തിലുള്ള പരാമർശങ്ങളും നടത്തില്ലെന്നും ലളിത് മോദി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ലളിത് മോദിയുടെ നിരുപാധികമായിട്ടുള്ള മാപ്പപേക്ഷ പരിഗണിക്കുന്നതായി കോടതി വ്യക്തമാക്കി. ഭാവിയിൽ ഇന്ത്യൻ ജുഡീഷറിയുടെ അന്തസിന് കളങ്കമേൽപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയാൽ അതീവ ഗൗരവമായി കണക്കിലെടുക്കുമെന്ന് മുന്നറിയിപ്പും നൽകി. എല്ലാവരും ജുഡീഷറിയെ ബഹുമാനിക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
Leave A Comment