ദേശീയം

ട്രെയിൻ അപകടത്തിന്റെ കാരണം കണ്ടെത്തി; ഉത്തരവാദികളെ തിരിച്ചറിഞ്ഞു - റെയിൽവെ മന്ത്രി

ഭൂവനേശ്വര്‍: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിന്റെ കാരണം കണ്ടെത്തിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവ്. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങിലുണ്ടായ മാറ്റം മൂലമാണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബാലാസോറില്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

അപകടവുമായി ബന്ധപ്പെട്ട് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ട് വരട്ടെയെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. അപകടത്തിന് ഉത്തരവാദികളായവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ട്രാക്ക് പുനഃസ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണന. ബുധനാഴ്ചയോടെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് രാത്രിയും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നു. ആയിരത്തിലധികം ജോലിക്കാരാണ് രാത്രിയും പകലുമായി സ്ഥലത്ത് ജോലിചെയ്യുന്നത്. ഏഴ് മണ്ണുമാന്തി യന്ത്രങ്ങള്‍, രണ്ട് ആക്‌സിഡന്റ് റിലീഫ് ട്രെയിനുകള്‍, നാല് ക്രെയിനുകള്‍ എന്നിവ സ്ഥലത്തെത്തിച്ചാണ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമം നടത്തുന്നത്.

 അപകടത്തെത്തുടര്‍ന്ന് മറിഞ്ഞ ബോഗികള്‍ ട്രാക്കില്‍നിന്ന് നീക്കിയിട്ടുണ്ട്. തകര്‍ന്ന പാളങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങളും ഓഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ അഞ്ച് സംഘങ്ങളും 24 അഗ്നിശമന സേനാ യൂണിറ്റുകളും സ്ഥലത്തുണ്ട്.

Leave A Comment