മഅദനിയെ നാട്ടിലെത്തിക്കാൻ തിരക്കിട്ട നീക്കങ്ങൾ
കൊല്ലം: ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയെ നാട്ടിലെത്തിക്കാൻ തിരക്കിട്ട നീക്കങ്ങൾ വീണ്ടും സജീവമായി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് മഅദനിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച കരുനാഗപ്പള്ളിയിൽ എത്തിയ വേണുഗോപാലിനെ മഅദനിയുടെ ബന്ധുക്കൾ നേരിൽ സന്ദർശിച്ച് പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യർഥിച്ചിരുന്നു. പിന്നാലെ കെ.സി കർണാടക മുഖ്യമന്ത്രിയുമായും പിസിസി നേതൃത്വവുമായും ആശയ വിനിമയം നടത്തി.
കർണാടക സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന ഉറപ്പ് ലഭ്യമായതായാണ് വിവരം. യാത്രാ ചെലവിന്റെ കാര്യത്തിൽ ഇളവ് നൽകണം എന്ന ആവശ്യവുമായാണ് മഅദനിയുടെ ബന്ധുക്കൾ വേണുഗോപാലിനെ കണ്ടത്. യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഡിസിസി പ്രസിസന്റ് പി.രാജേന്ദ്രപ്രസാദും സി.ആർ. മഹേഷ് എംഎൽഎയും ഒപ്പമുണ്ടായിരുന്നു.
മഅദനിക്ക് രോഗബാധിതനായ പിതാവിനെ കാണുന്നതിന് അടക്കം ലഭിച്ച ജാമ്യവ്യവസ്ഥയിലെ ഇളവ് ഇനി രണ്ട് മാസത്തോളം മാത്രമാണ് അവശേഷിക്കുന്നത്. ഏപ്രിൽ 27-നാണ് സുപ്രീംകോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയത്. ജൂലൈ എട്ടുവരെ കേരളത്തിൽ തങ്ങാനാണ് മഅദനിക്ക് കോടതി അനുമതി നൽകിയത്.
Leave A Comment