കോവിഡ് വാക്സിനും ഹൃദയാഘാത മരണവും: പഠനം ഉടൻ പുറത്തുവരുമെന്ന് ഐസിഎംആർ
ന്യൂഡൽഹി: കോവിഡ് വാക്സിനും ഹൃദയാഘാതം മൂലമുള്ള പെട്ടന്നുള്ള മരണങ്ങളും തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തുവരുമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ രാജീവ് ബഹൽ. ഗവേഷകർ ചില പ്രാഥമിക കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്.
ഇത് പരസ്യപ്പെടുത്തുന്നതിനു മുൻപ് അവലോകനത്തിനായി കാത്തിരിക്കുകയാണ്. ഗവേഷണ പ്രബന്ധം ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐജെഎംആർ) അംഗീകരിച്ചിട്ടുണ്ട്. ഗവേഷണ റിപ്പോർട്ടിന്റെ സ്വതന്ത്ര മൂല്യനിർണയം നടക്കുകയാണെന്നും ഐസിഎംആർ ഡയറക്ടർ പറഞ്ഞു.
കോവിഡ് വാക്സിനും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം വിലയിരുത്തുന്നതിനായി ഗവേഷകർ നാല് വ്യത്യസ്ത പഠനങ്ങളാണ് നടത്തിയത്. യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന്റെ കാരണങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ പഠനം.
വാക്സിനേഷൻ, നീണ്ട നിൽക്കുന്ന കോവിഡ്, രോഗത്തിന്റെ തീവ്രത തുടങ്ങിയവ മൂലം പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാത മരണങ്ങൾ വിലയിരുത്തുന്നതിലാണ് രണ്ടാമത്തെ പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ ഐസിഎംആർ ഒരു വർഷത്തോളം നിരീക്ഷിച്ചു. 40 ആശുപത്രികളിൽനിന്നാണ് പഠനത്തിന്റെ വിശദാംശങ്ങൾ എടുത്തത്.
മൂന്നാമത്തെ പഠനം ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ മൂലം പെട്ടെന്ന് മരണമടഞ്ഞ ആളുകളുടെ എണ്ണം ഗണ്യമായി വർധിച്ചത് കണക്കിലെടുത്തായിരുന്നു. അതേസമയം നാലാമത്തെ പഠനം വാക്സിൻ സ്വീകരിച്ച ശേഷം ഹൃദയാഘാതം വരികയും മരണം സംഭവിക്കാതിരിക്കുകയും ചെയ്തവരെ കേന്ദ്രീകരിച്ചായിരുന്നു.
Leave A Comment