ബംഗാളിൽ ദീദി മുന്നില്‍; തിളങ്ങി കോണ്‍ഗ്രസ്- സിപിഎം സഖ്യം
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിളങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച അതേ ജന പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസിന് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ലഭിക്കുന്നുണ്ട്.63,229 സീറ്റുകളുള്ള ഗ്രാമപഞ്ചായത്തില്‍ 16,749 ഇടങ്ങളില്‍ ടിഎംസി ലീഡ് ചെയ്യുകയാണ്. 1,454 സീറ്റുകളില്‍ ബിജെപി മേല്‍ക്കൈ നേടി. എന്നാല്‍ ഇടതുപക്ഷ- കോണ്‍ഗ്രസ് സഖ്യം ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
ഇടതുമുന്നണി 896 സീറ്റിലും കോണ്‍ഗ്രസ് 348 സീറ്റിലും ഐഎസ്എഫ് ഉള്‍പ്പെടുന്ന സ്വതന്ത്രര്‍ 639 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
പഞ്ചായത്ത് സമിതികളിലും ടിഎംസിക്കാണ് മൃഗീയാധിപത്യം. ആയിരത്തിലധികം സീറ്റുകളില്‍ ടിഎംസി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പരിഷത്തിന്റെ ഫലം എണ്ണിത്തുടങ്ങിയിട്ടില്ല. പഞ്ചായത്ത് സമിതികളുടെയും ഫലം എണ്ണാന്‍ ഇരിക്കുന്നതെയുള്ളു.
കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ ദിനത്തിലും അക്രമത്തിന് കുറവില്ല. ഡയമണ്ട് ഹാര്ബിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ബോംബേറുണ്ടായി. ബിജെപി സ്ഥാനാര്‍ഥികള്‍ ചിലയിടങ്ങളില്‍ വോട്ടെണ്ണല്‍ തടസപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ 42 പേരാണ് ഇതുവരെ മരിച്ചത്.
സംസ്ഥാനത്തെ 22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9,730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. 2.06 ലക്ഷം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 5.67 കോടി വോട്ടര്‍മാരാണ് വിധി നിര്‍ണയിച്ചത്.
928 ജില്ലാ പരിഷത്ത് സീറ്റുകളിലേക്കും 9,419 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 61,591 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കും ടിഎംസി സ്ഥാനാര്‍ഥികളെ നിര്‍ത്തി. 897 ജില്ലാ പരിഷത്ത് സീറ്റുകളിലേക്കും 7,032 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 38,475 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കും ബിജെപിയും സ്ഥാനാര്‍ഥികളെ നിര്‍ത്തി.
സിപിഎം 747 ജില്ലാ പരിഷത്ത് സീറ്റുകളിലും 6,752 പഞ്ചായത്ത് സമിതി സീറ്റുകളിലും 35,411 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് 644 ജില്ലാ പരിഷത്ത് സീറ്റുകളിലും 2,197 പഞ്ചായത്ത് സമിതി സീറ്റുകളിലും 11,74 സീറ്റുകളിലും മത്സരിച്ചു.
ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 22 ജില്ലകളിലെ 339 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന പഞ്ചായത്ത് വളരെ പ്രാധാന്യത്തോടെയാണ് എല്ലാ പാര്‍ട്ടികളും കാണുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തില്‍ അധികം സീറ്റുകളും തൃണമൂല്‍ പിടിച്ചിരുന്നു.
Leave A Comment