മൂന്നാം തവണയും താൻ തന്നെ; വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് മോദി
ന്യൂഡല്‍ഹി: മൂന്നാം തവണയും താൻ തന്നെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് പ്രഖ്യാപിച്ച് നരേന്ദ്ര മോദി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം വിജയിക്കുമെന്നും താൻ തന്നെ പ്രധാനമന്ത്രിയാകുമെന്നും മോദി പറഞ്ഞു.
എൻഡിഎ വിജയിച്ച് താൻ മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരിച്ചെത്തിയാൽ ലോകത്തെ ഏറ്റവും വലിയ മൂന്ന് സമ്പദ്വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡല്‍ഹിയിലെ ഇന്ത്യന്‍ ട്രെയ്ഡ് പ്രൊമോഷന് ഓര്‍ഗനൈസേഷന്റെ നവീകിരച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
"നമ്മുടെ ആദ്യത്തെ ടേമില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം പത്താം സ്ഥാനത്തായിരുന്നു. രണ്ടാമത്തെ ടേമില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി. നമ്മുടെ ട്രാക്ക് റിക്കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ മൂന്നാമത്തെ ടേമില്‍ നമ്മള് മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. ഇത് മോദിയുടെ ഉറപ്പാണ്.
2024ന് ശേഷം രാജ്യത്തിന്റെ വികസന യാത്ര വേഗത്തിലാകുമെന്ന് വാക്കു നല്കുന്നു. എന്റെ മൂന്നാമത്തെ ടേമില്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നത് നിങ്ങള്‍ കാണും'- മോദി പറഞ്ഞു.
Leave A Comment