സീറ്റ് വിഭജനം സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കാന്‍ 'ഇന്ത്യ' സഖ്യത്തില്‍ ധാരണ
മുംബൈ: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കാന്‍ ഇന്ത്യ സഖ്യത്തില്‍ ധാരണയായി. തെരഞ്ഞെടുപ്പ് നേരത്തേ നടന്നേക്കുമെന്ന് സൂചനയുള്ളതിനാല്‍ തയാറെടുപ്പുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ഇന്ന് രാവിലെ മുന്നണിയുടെ ലോഗോ പ്രകാശനം നിശ്ചയിച്ചിരുന്നെങ്കിലും ഇത് നടന്നില്ല. ലോഗോയുമായി ബന്ധപ്പെട്ട് വിവിധ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടായതാണ് പ്രകാശനം മാറ്റിവയ്ക്കാന്‍ കാരണം.
സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങളില്‍ ഇന്നത്തെ യോഗത്തില്‍വച്ച് തന്നെ പൊതുധാരണ ഉണ്ടാക്കും. സെപ്റ്റംബര്‍ 30ഓടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. രണ്ട് സബ്കമ്മിറ്റികള്‍ അടക്കം വിവിധ കമ്മിറ്റികളുടെ രൂപീകരണവും ഇന്നത്തെ യോഗത്തില്‍വച്ച് ഉണ്ടായേക്കും.
ഹൈ പവര്‍ കമ്മറ്റിയില്‍ 11 മുതല്‍ 15 വരെ അംഗങ്ങള്‍ ഉണ്ടായേക്കും. എല്ലാ പാര്‍ട്ടിയിലെയും ഓരോ അംഗങ്ങള്‍ കമ്മിറ്റിയില്‍ ഉണ്ടാകണമെന്ന് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. മുന്നണി കണ്‍വീനര്‍ ആരാകണം എന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും.
കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരാണ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. 28 പാര്‍ട്ടികളുടെ 63 പ്രതിനിധികളാണ് മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നത്.
വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ നിര്‍ണായക പ്രഖ്യാപനം ഉണ്ടായേക്കും.
Leave A Comment