ഇന്ത്യ മാറ്റുരക്കുന്നു; ഏഴ് മണ്ഡലങ്ങൾ പോളിംഗ് ബൂത്തിൽ
ന്യൂഡൽഹി: പുതുപ്പള്ളി ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ജാർഖണ്ഡിലെ ദുംരി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ബംഗാളിലെ ദുപ്ഗുരി എന്നീ മണ്ഡലങ്ങളാണ് പുതുപ്പള്ളി കൂടാതെ ജനവിധി തേടുന്നത്.
ഉപതെരഞ്ഞെടുപ്പ് ഇന്ത്യ പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ ശക്തിപരീക്ഷണമായി മാറുകയാണ്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രം ഭരിക്കുന്ന എൻഡിഎ സഖ്യത്തിനും ഉപതെരഞ്ഞെടുപ്പിലെ പ്രകടനം നിർണായകമാണ്.
ബംഗാളിലെ ദുപ്ഗുരിയിൽ ബിജെപി എംഎൽഎയായിരുന്ന ബിഷ്ണു പാദ റോയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ മിതാലി റോയിയെ ബിഷ്ണു പാദ റോയ് നേരിയ വിത്യാസത്തിനാണ് പരാജയപ്പെടുത്തിയത്.
4,300 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത്. ജാൽപായ്ഗുരി ജില്ലയിലെ സംവരണ മണ്ഡലമായ ദൂപ്ഗുരിയിൽ തൃണമൂൽ കോൺഗ്രസും കോൺഗ്രസ്-ഇടത് സഖ്യവും ബിജെപിയും തമ്മിലുള്ള ത്രികോണ മത്സരമാണ് നടക്കുന്നത്.
2021-ൽ ജമ്മു കാഷ്മീരിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻ ജഗനാഥ റോയിയുടെ വിധവ തപ്സി റോയിയാണ് ബിജെപിയുടെ സ്ഥാനാർഥി. പ്രഫ. നിർമ്മൽ ചന്ദ്ര റോയി ആണ് തൃണമൂലിനായി മത്സരിക്കുന്നത്. കോൺഗ്രസ് ഇവിടെ തൃണമൂലിനെതിരെ സിപിഎം സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. അധ്യാപകനായ ഈശ്വര ചന്ദ്ര റോയി ആണ് സിപിഎം സ്ഥാനാർഥി.
കഴിഞ്ഞ തവണ തൃണമൂലിനായി മത്സരിച്ച മിതാലി റോയി ബിജെപിയിലേക്ക് കളംമാറിയത് കാവിപ്പാർട്ടിക്ക് മുൻതൂക്കം നൽകുന്നുണ്ട്. എന്നാൽ ദുപ്ഗുരിയിൽ ഇന്ത്യ സഖ്യം വൈര്യം മറന്ന് ഒരുമിച്ചാൽ ബിജെപി വീഴും.
ത്രിപുരയിൽ ബിജെപി തുടർച്ചയായി രണ്ടാം വട്ടവും അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിലാണ് ഉപതെരഞ്ഞെടുപ്പ് പരീക്ഷണം. ധൻപുരിൽ ജയിച്ച ബിജെപിയിലെ പ്രതിമ ഭൗമിക്ക് കേന്ദ്രമന്ത്രിസഭയിലേക്ക് എത്തിയതോടെയാണ് എംഎൽഎ സ്ഥാനം രാജിവച്ചത്. ഇതോടെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയായിരുന്നു. ബോക്സാനഗറിൽ സിപിഎം എംഎൽഎ ഷംസുൾ ഹഖിന്റെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായത്.
1972 മുതൽ തുടർച്ചയായി സിപിഎം ജയിച്ചിരുന്ന മണ്ഡലമാണ് ധൻപുർ. 1998 മുതൽ മുൻമുഖ്യമന്ത്രി മണിക്ക് സർക്കാർ തുടർച്ചയായി ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണിക്ക് സർക്കാരിനു പകരക്കാരനായി മത്സരിച്ച സിപിഎമ്മിന്റെ കൗശിക്ക് ചന്ദയെ ബിജെപിയുടെ പ്രതിമ ഭൗമിക്ക് വീഴ്ത്തി. 3,500 വോട്ടിനായിരുന്നു സിപിഎം സ്ഥാനാർഥിയുടെ പരാജയം. ബിജെപിക്കായി ഇത്തവണ ബിന്ദു ദേബ്നാഥ് മത്സരിക്കുന്പോൾ കൗശിക്ക് ചന്ദ തന്നെയാണ് സിപിഎം സ്ഥാനാർഥി.
സിപിഎം തുടർച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് ബോക്സാനഗർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഷംസുൾ ഹഖിനോട് പരാജയപ്പെട്ട തഫാജൽ ഹുസൈനാണ് ബിജെപി സ്ഥാനാർഥി. സിപിഎമ്മിനായി മത്സരിക്കുന്നത് ഷംസുൾ ഹഖിന്റെ മകൻ മിസാൻ ഹുസൈനാണ്.
സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച് മികച്ച പ്രകടനം നടത്തിയ തിപ്രമോത രണ്ട് സീറ്റിലും സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. ആർക്കും പിന്തുണയും പ്രഖ്യാപിച്ചിട്ടില്ല.
ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. ബിജെപിയുടെ ചന്ദൻ രാംദാസാണ് 2022-ലെ തെരഞ്ഞെടുപ്പിൽ ജയിച്ചത്. അദ്ദേഹത്തിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ചന്ദൻ രാംദാസ് തുടർച്ചയായി നാല് തവണ ജയിച്ച മണ്ഡലമാണിത്.
കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയെ 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി പരാജയപ്പെടുത്തിയത്. ചന്ദൻ രാംദാസിന്റെ വിധവ പാർവതി ദാസാണ് ബിജെപിക്കായി ഇവിടെ മത്സരിക്കുന്നത്. കുമയോൺ മേഖലയിലെ സംവരണ മണ്ഡലമായ ബാഗേശ്വർ 2007 മുതൽ ബിജെപി കൈവശം വച്ചുവരികയാണ്.
ജാർഖണ്ഡിലെ ദുംരി ജാർഖണ്ഡ് മുക്തി മോര്ച്ചയുടെ സിറ്റിംഗ് സീറ്റാണ്. ഇവിടെനിന്നും ജയിച്ച മന്ത്രി ജഗര്നാഥ് മാതോയുടെ മരണത്തെ തുടര്ന്നാണ് ഉപതെരഞ്ഞെടുപ്പ്. ഉത്തർപ്രദേശിലെ ഘോസി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഇന്ത്യ പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ ശക്തിപരീക്ഷണമാകും.
സമാജ്വാദി പാർട്ടി സ്ഥാനാർഥി സുധാകർ സിംഗിനെ കോൺഗ്രസ്, രാഷ്ട്രീയ ലോക്ദൾ, അപ്നാദൾ (കാമേരാവാദി വിഭാഗം) എന്നീ കക്ഷികളും ഇടതുപാർട്ടികളും പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യ സഖ്യത്തിലില്ലെങ്കിലും ബിഎസ്പി സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനാണ് പാർട്ടി അധ്യക്ഷ മായാവതി അണികൾക്കു നൽകിയിരിക്കുന്ന ആഹ്വാനം.
ഏതുവിധേനയും വിജയം ഉറപ്പുവരുത്താനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ മണ്ഡലത്തിൽ ക്യാന്പു ചെയ്താണ് പ്രചാരണം നടത്തിയത്. സമാജ്വാദി പാർട്ടിയുടെ സിറ്റിംഗ് സീറ്റാണിത്. എന്നാൽ പാർട്ടി എംഎൽഎ ദാരാസിംഗ് ചൗഹാൻ 2022-ൽ ബിജെപിയിൽ ചേർന്നതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും ഇടത് സ്ഥാനാർഥി ജെയ്ക് സി. തോമസും തമ്മിലാണ് പ്രധാന മത്സരം.
ഉമ്മൻചാണ്ടി നേടിയ ഭൂരിപക്ഷത്തേക്കൾ ഇത്തവണ പുതുപ്പള്ളി മകൻ ചാണ്ടി ഉമ്മന് നൽകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. സഹതാപതരംഗത്തിലും വികസന വിരുദ്ധത വോട്ടാക്കി മാറ്റാനായിരുന്നു ഇടത് സ്ഥാനാർഥിയുടെ ശ്രമം. ലിജിൻ ലാൽ ആണ് എൻഡിഎ സ്ഥാനാർഥി.
Leave A Comment