ഇന്ത്യയുടേത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നിലപാട്; ജി 20 വേദിയില്‍ മോദി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷ പ്രസംഗത്തോടെ ജി 20 ഉച്ചകോടിക്ക് തുടക്കമായി. ജി 20 അധ്യക്ഷപദം ഏറ്റെടുത്ത ശേഷം വിവിധ വിഷയങ്ങളിലെ ഇന്ത്യയുടെ പൊതുനിലപാട് എന്തായിരുന്നുവെന്ന് മോദി വിശദീകരിച്ചു.
എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു നയമാണ് ഇന്ത്യ സ്വീകരിച്ചത്. റഷ്യ-യുക്രെയ്ന് യുദ്ധവും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കോവിഡിന് ശേഷം പല രാജ്യങ്ങള്‍ക്കുമിടയിലുള്ള വിശ്വാസരാഹിത്യം പ്രകടമാകുന്നുണ്ട്.
കോവിഡിന് ശേഷമുണ്ടായ യുദ്ധവും ഈ വിശ്വാസരാഹിത്യം വര്‍ധിക്കാന്‍ ഇടയാക്കി. ഇത് പരിഹരിക്കാനുള്ള നടപടികള്‍ ജി 20 ഉച്ചകോടി കൈക്കൊള്ളണമെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും പേര് പരാമര്‍ശിക്കാതെയായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്.
യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശം സംയുക്ത പ്രഖ്യാപനത്തില്‍ ഉണ്ടാകുന്നത് സംബന്ധിച്ച് അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നതും ശ്രദ്ദേയമാണ്. ജി 20യില്‍ റഷ്യ-യുക്രെയ്ന് സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടപടി ഉണ്ടാകുമോ എന്ന ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നതോടെയാണ് റഷ്യ, ചൈന രാജ്യങ്ങളുടെ രാഷ്ട്രതലവന്മാര് ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.
ആഫ്രിക്കന്‍ യൂണിയനെ ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി. ഇതോടെ ജി 20യിലെ അംഗരാജ്യങ്ങളുടെ എണ്ണം 21 ആയി. ആഫ്രിക്കന്‍ യൂണിയന് ജി 20യില്‍ അംഗത്വം നല്‍കാനുള്ള ഇന്ത്യയുടെ നിര്‍ദേശത്തിന് നേരത്തെ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും പിന്നീട് സമവായത്തില്‍ എത്തുകയായിരുന്നു.
Leave A Comment