ദേശീയം

ക്രൈം റിപ്പോർട്ടിംഗിൽ മാധ്യമ വിചാരണ ഉണ്ടാകരുത്: സുപ്രീം കോടതി

ദില്ലി: കുറ്റകൃത റിപ്പോര്‍ട്ടിങ്ങിന് രാജ്യത്ത് മാധ്യമങ്ങൾക്ക് മാര്‍ഗനിര്‍ദേശം വേണമെന്ന് സുപ്രീം കോടതി. ക്രൈം റിപ്പോർട്ടിംഗിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശം നൽകി. അച്ചടി – ദൃശ്യ – സാമൂഹിക മാധ്യമങ്ങള്‍ക്കെല്ലാം ഇക്കാര്യത്തിൽ കൃത്യമായ മാര്‍ഗനിര്‍ദേശം ഉണ്ടാകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന ഡി ജി പിമാരു‍ടെയും ദേശീയ മനുഷ്യവകാശ കമ്മീഷനും മറ്റുകക്ഷികളും നിര്‍ദേശങ്ങള്‍ നൽകണം. ഒരു മാസത്തിനകം ഇവർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഈ നിർദ്ദേശങ്ങൾ കൂടി സ്വീകരിച്ചാകണം മാര്‍ഗനിര്‍ദേശം തയ്യാറേക്കണ്ടതെന്നും പരമോന്നത കോടതി വ്യക്തമാക്കി. മൂന്ന് മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കുറ്റകൃത്യ അന്വേഷണത്തിലും റിപ്പോർട്ടിംഗിലും മാധ്യമങ്ങളോട് സംസാരിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ക്രൈം റിപ്പോര്‍ട്ടിങ്ങില്‍ പ്രതികളുടെയും ഇരകളുടെയും ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പൊലീസ് വെളിപ്പെടുത്തൽ മാധ്യമ വിചാരണയിൽ കലാശിക്കരുതെന്നും കോടതി ചൂണ്ടികാട്ടി.

Leave A Comment