ദേശീയം

ചുമട്ടുതൊഴിലാളികൾക്കൊപ്പം രാഹുൽ, ദൃശ്യങ്ങൾ വൈറലാകുന്നു

ഡൽഹി: സാധാരണക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും തൊഴിലാളികളുമായി ഒന്നായി ഇടപഴകാനുമുള്ള അവസരങ്ങൾ പാഴാക്കാത്ത വ്യക്തിയാണ് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ലോറി ഡ്രൈവർമാർ, മെക്കാനിക്കുകൾ, കർഷകർ, പച്ചക്കറി കച്ചവടക്കാർ തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സാധാരണക്കാരോടൊപ്പം രാഹുൽ സംവദിക്കുന്ന വീഡിയോകൾ അടുത്തിടെ വൈറലായിരുന്നു.

അത്തരത്തിലുള്ള മറ്റൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഡൽഹി ആനന്ദ് വിഹാർ ടെർമിനലിൽ പോര്‍ട്ടറുടെ വേഷത്തിൽ ചുമട്ടുതൊഴിലാളികൾക്കൊപ്പം പെട്ടി ചുമക്കുന്ന രാഹുലിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ചുമട്ടുതൊഴിലാളികളുടെ ചുവന്ന ഷർട്ട് ധരിച്ച സ്യൂട്ട്കേസുമായി രാഹുൽ ഗാന്ധി നടക്കുന്നത് വീഡിയോയിൽ കാണാം. പെട്ടിചുമന്ന രാഹുല്‍ പോര്‍ട്ടര്‍മാര്‍ക്കൊപ്പം ഏറെ നേരം ചെലവിട്ട ശേഷമാണ് മടങ്ങിയത്.

ചുമട്ടുതൊഴിലാളികൾക്കൊപ്പമിരുന്ന് രാഹുൽ അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ‘ഇന്ന് ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലിൽ ജോലി ചെയ്യുന്ന കൂലി സഹോദരങ്ങളെ കണ്ടു. വളരെക്കാലമായി എന്റെ മനസ്സിൽ ഈ ആഗ്രഹം ഉണ്ടായിരുന്നു, അവരും എന്നെ വളരെ സ്നേഹത്തോടെ വിളിച്ചിരുന്നു. ഇന്ത്യയിലെ കഠിനാധ്വാനികളായ സഹോദരങ്ങളുടെ ആഗ്രഹം എന്ത് വിലകൊടുത്തും നിറവേറ്റണം’ – രാഹുൽ ട്വീറ്റ് ചെയ്തു.

Leave A Comment