ദേശീയം

'ഹിന്ദുക്കൾ ഒന്നോ രണ്ടോ പ്രസവിച്ചാൽ പോരാ, ഇങ്ങനെ പോയാൽ...'; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ

ബെം​ഗളൂരു:  ഹിന്ദുക്കൾ ഒന്നോ രണ്ടോ കുട്ടികളെ പ്രസവിച്ചാൽ പോരെന്ന് ബിജെപി എംഎൽഎ ഹരീഷ് പൂഞ്ജ. കർണാടകയിലെ ഉഡുപ്പി മണ്ഡലത്തിലെ എംഎൽഎയാണ് ഹരീഷ.  ഹിന്ദുക്കൾ ഒന്നോ രണ്ടോ കുട്ടികളെ പ്രസവിച്ചാൽ പോരെന്നും മുസ്ലീം ജനസംഖ്യ ഇന്ത്യയിൽ ഹിന്ദുക്കളെക്കാൾ കൂടുതലാകുമെന്നും എംഎൽഎ പറ‍ഞ്ഞു. ജനുവരി ഏഴിന് ബെൽത്തങ്ങാടി താലൂക്കിലെ പേരടിയിൽ നടന്ന അയ്യപ്പ ദീപോത്സവ ധാർമിക സഭയിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.

ഇന്ത്യയിലെ ഹിന്ദുക്കളുടെ ജനസംഖ്യ 80 കോടിയാണെന്നും മുസ്ലീങ്ങൾ വെറും 20 കോടിയാണെന്നും ചിലർ പറയുന്നു. പക്ഷേ, നിങ്ങൾ മറ്റൊരു രീതിയിൽ ചിന്തിച്ചാൽ, മുസ്ലീങ്ങൾ നാല് കുട്ടികളെ വീതം പ്രസവിക്കുന്നു.  ഹിന്ദുക്കൾക്ക് കൂടുതലും ഒന്നോ രണ്ടോ കുട്ടികളാണ്. 20 കോടി മുസ്ലീങ്ങൾ നാല് കുട്ടികൾ വീതം പ്രസവിച്ചാൽ അവരുടെ ജനസംഖ്യ 80 കോടി വരുമെന്നും ഹിന്ദുക്കളുടെ ജനസംഖ്യ 20 കോടിയായി കുറയുമെന്നും എംഎൽഎ പറഞ്ഞു.  

മുസ്ലീം ജനസംഖ്യ 80 കോടിയിൽ എത്തുകയും ഹിന്ദു ജനസംഖ്യ കുറയുകയും ചെയ്താൽ, രാജ്യത്തെ ഹിന്ദുക്കളുടെ ദയനീയാവസ്ഥ  ഊഹിക്കാനാകുമോ. ഈ രാജ്യത്ത് മുസ്ലീങ്ങൾ ഭൂരിപക്ഷമായാൽ ഹിന്ദുക്കളുടെ അവസ്ഥയെക്കുറിച്ച് നിങ്ങൾ ചിന്തിക്കണമെന്നും പൂഞ്ജ പറഞ്ഞു. എംഎൽഎയുടെ പ്രസ്താവന വിവാദമായി. നിരവധി പേരാണ് എംഎൽഎക്കെതിരെ രം​ഗത്തെത്തിയത്.

Leave A Comment