ദേശീയം

രണ്ടാം മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പാര്‍ലമെന്‍റില്‍ എണ്ണിപ്പറഞ്ഞ് ദ്രൗപതി മുർമു

ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പാര്‍ലമെന്‍റില്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും സര്‍ക്കാരിന്‍റെ നേട്ടമാണെന്നും രാഷ്ട്രപതി എടുത്ത് പറഞ്ഞു. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്‍റിനായി. ജമ്മു കാശ്മീര്‍ പുനസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യയുടെ കീർത്തി ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രധാന ബില്ലുകൾ അവതരിപ്പിക്കാനായി എന്നും രാജ്യത്ത് ദാരിദ്ര്യ നിർമ്മാർജ്ജനം യാഥാർത്ഥ്യമായെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. ഡിഫൻസ് കോറിഡോർ, സ്റ്റാർട്ടപ്പുകൾ ഇതെല്ലാം നേട്ടങ്ങളാണ്. സ്വകാര്യ മേഖലയെയും പ്രോത്സാഹിപ്പിച്ചു. ഇന്ത്യ വികസന സൗഹൃദ രാജ്യമാണെന് വിദേശ രാജ്യങ്ങൾ തിരിച്ചറിഞ്ഞു. ഡിജിറ്റൽ ഇന്ത്യ ഗ്രാമങ്ങളിൽ പോലും തിളങ്ങുകയാണ്. യുപിഐ ഇടപാടുകൾ റെക്കോർഡ്‌ സൃഷ്ടിച്ചിരിക്കുന്നു. ബാങ്കിംഗ് മേഖലയ്ക്ക് വലിയ ഉണർവ് നൽകിയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനവും റെക്കോർഡിട്ടു. ദേശീയപാതകളുടേതടക്കം വികസനം റെക്കോർഡ് വേഗത്തിലാണ്. റോഡ് മാർഗമുള്ള ചരക്ക് നീക്കം ഗണ്യമായി കൂടി. ഗ്യാസ് പൈപ്പ് ലൈൻ, ഒപ്റ്റിക്കൽ ഫൈബർ ഇതെല്ലാം വികസന നേട്ടങ്ങളാണെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.

Leave A Comment