ദേശീയം

കെജ്‌രിവാളിന് തിരിച്ചടി; ജാമ്യം നീട്ടിനല്‍കാതെ സുപ്രിംകോടതി

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ജാമ്യം നീട്ടിനല്‍കാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതോടെ ജൂണ്‍ രണ്ടിന് തന്നെ കെജ്രിവാളിന് ജയിലില്‍ ഹാജരാകേണ്ടിവരും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ് കഴിഞ്ഞ മാസം അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. 

ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട കെജ്രിവാള്‍ ഹര്‍ജിയില്‍ ഇന്ന് തന്നെ അടിയന്തര വാദം കേള്‍ക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും വിശദമായ മെഡിക്കല്‍ പരിശോധന ആവശ്യമുണ്ടെന്നും കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി പറഞ്ഞു. കെജ്രിവാള്‍ നിയമനടപടികളില്‍ നിന്ന് രക്ഷപെടുകയല്ലെന്നും സുപ്രിംകോടതി ജാമ്യവ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്നും സിംഗ്വി കൂട്ടിച്ചേര്‍ത്തു.

വിവാദമായ മദ്യനയ കേസില്‍ നയത്തിന്റെ കരട് തയ്യാറാക്കുന്നതിലും മദ്യത്തിനുള്ള ലൈസന്‍സിന്റെ കൈക്കൂലി വാങ്ങുന്നതിലും കെജ്രിവാളിന് മുഖ്യപങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം. ആരോപണങ്ങള്‍ നിഷേധിച്ച എഎപിയും കെജ്രിവാളും അറസ്റ്റും നടപടികളും രാഷ്ട്രീയ പകപോക്കലാണെന്നാണ് പ്രതികരിക്കുന്നത്.

Leave A Comment