ബി.ജെ.പി. പടുകുഴിയിൽ, കാരണം മോദിയുടെ ഏകാധിപത്യമനോഭാവം: സുബ്രഹ്മണ്യം സ്വാമി
ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനംപ്രതീക്ഷയ്ക്കൊത്തുയരാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഏകാധിപത്യമനോഭാവ'മാണെന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാവ് സുബ്രഹ്‌മണ്യം സ്വാമി. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് മോദിയ്ക്കെതിരേ ഗുരുതരവിമർശനവുമായി സുബ്രഹ്‌മണ്യം സ്വാമി രംഗത്തെത്തിയത്. തൻ്റെ കണക്കുകൂട്ടലുകൾക്ക് ഏകദേശം സമീപത്താണ് ബി.ജെ.പിയുടെ സീറ്റ് നേട്ടമെന്നും താൻ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ പാർട്ടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ ബി.ജെ.പി. 300 സീറ്റ് നേടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി. 220 സീറ്റ് നേടുമെന്നുള്ള എന്റെ കണക്കുകൂട്ടൽ ബി.ജെ.പി. തിരഞ്ഞെടുപ്പിൽ നേടിയ 237 സീറ്റുമായി വലിയ അന്തരമില്ല. ഞാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ പാലിച്ചിരുന്നെങ്കിൽ ബി.ജെ.പിയ്ക്ക് 300 സീറ്റ് നേടാൻ സാധിക്കുമായിരുന്നു. നിർഭാഗ്യവശാൽ, മോദിയുടെ ഏകാധിപത്യമനോഭാവം ബി.ജെ.പിയെ ഒരു പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്, ആ കുഴിയിൽനിന്ന് പാർട്ടി ഇനി കരകയറേണ്ടതുണ്ട്', സുബ്രഹ്‌മണ്യം സ്വാമി എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
Leave A Comment