ദേശീയം

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം ; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവിയടക്കം 4 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍ നാല് പേര്‍ അറസ്റ്റില്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗ്ലൂര്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയും, ഇവന്റ് മാനേജ്‌മെന്റ് കമ്പനി പ്രതിനിധികളും ആണ് അറസ്റ്റിലായത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഒളിവില്‍ ആണെന്ന് പൊലീസ് അറിയിച്ചു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി നിഖില്‍ സോസലേ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എയുടെ വൈസ് പ്രസിഡന്റ് സുനില്‍ മാത്യു, കിരണ്‍ സുമന്ത് എന്നിവരാണ് അറസ്റ്റില്‍ ആയത്. രാവിലെ ബംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആയിരുന്നു അറസ്റ്റ്.

ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ഫ്രീ പാസ് ഉണ്ടാകും എന്നതിനെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് പിന്നില്‍ നിഖില്‍ സോസലേ ആയിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. ആഘോഷച്ചടങ്ങുകള്‍ നടത്താന്‍ ഏറ്റവും സമ്മര്‍ദ്ദം ചെലുത്തിയതും ആര്‍സിബിയാണ്.

കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത പ്രതികളെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്റിനു കൈമാറും. ജൂഡീഷ്യല്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇനിയും അറസ്റ്റ് ഉണ്ടാകാന്‍ ആണ് സാധ്യത. ബംഗളുരു പൊലീസ് മേധാവികളെ ഒന്നാകെ സസ്പെന്‍ഡ് ചെയ്തതില്‍ സേനയ്ക്ക് ഉള്ളില്‍ കടുത്ത അമര്‍ഷം ഉണ്ട്. പ്രതിപക്ഷവും സര്‍ക്കാരിനെതിരായ വിമര്‍ശനം ശക്തമാക്കുകയാണ്.

Leave A Comment