രാഷ്ട്രീയം

സിപിഎം പ്രശംസയിൽ വീഴാതെ ലീഗ്: മനസ്സിലിരിപ്പ് നടക്കില്ലെന്ന് വിഡി സതീശൻ

കോഴിക്കോട്: മുസ്ലീംലീഗിനെ പുകഴ്ത്തിയുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയിൽ കുരുങ്ങാതെ പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും. എംവി ഗോവിന്ദൻ പറഞ്ഞതിനെ ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. അതേസമയം സിപിഎമ്മിന്റെ മനസ്സിലിരുപ്പ് നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

ലീഗ് വ‍ർഗ്ഗീയ കക്ഷിയല്ലെന്നും മികച്ച ജനാധിപത്യ പാർട്ടിയുമെന്ന് എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞത് എൽഡിഎഫിലേക്കുള്ള പരോക്ഷ ക്ഷണമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ കരുതലോടെയാണ് ഇക്കാര്യത്തിൽ മുസ്ലീംലീഗിന്റെ പ്രതികരണം. സിപിഎമ്മിന്റെ നിലപാട് മാറ്റം ലീഗിനെ സന്തോഷിപ്പിച്ചുവെങ്കിലും അത് പരസ്യമായി വിളിച്ച് പറയാൻ ലീഗിന് താല്പര്യമില്ല. 

കോൺഗ്രസുമായുള്ള ബന്ധം വഷളാക്കാനും മുന്നണിയെ തകർക്കാനുമില്ലെന്നാണ് ലീഗിന്റെ ഇപ്പോഴത്തെ നിലപാട്. ലീഗിനെ ഇടതുമുന്നണിയിലത്തിക്കാൻ ചില നേതാക്കൾക്ക് താല്പര്യമുണ്ടെങ്കിലും സമയമായില്ലെന്ന വിലയിരുത്തലാണ് അവ‍ർക്കുള്ളത്. അതേ സമയം സിപിഎമ്മിന്റെ പ്രസ്താവനയിലെ അപകടം മനസ്സിലാക്കിയാണ് കോൺഗ്രസ് നേത‍‍ൃത്വവും പ്രതിപക്ഷ നേതാവും പ്രതികരിച്ചത്.

Leave A Comment