ഡൽഹി കടന്നു; രാഹുലിനും സംഘത്തിനും ഇനി ക്രിസ്മസ് അവധി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ആവേശകരമായ പര്യടനത്തിന് ശേഷം ഭാരത് ജോഡോ യാത്രയ്ക്ക് ഇനി വിശ്രമത്തിന്റെ ദിനങ്ങൾ. നേരത്തെ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരമുള്ള ഒമ്പത് ദിവസത്തെ ഇടവേളയാണ് രാഹുലും സംഘവും വിശ്രമത്തിനും ക്രിസ്മസ് ആഘോഷത്തിനായും എടുത്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം യാത്ര ജനുവരി മൂന്നിന് ഹരിയാനയിൽ നിന്ന് വീണ്ടും ആരംഭിക്കും.അതേസമയം, പദയാത്രയ്ക്ക് ഉജ്വല സ്വീകരണമാണ് രാജ്യതലസ്ഥാനത്ത് ലഭിച്ചത്. കന്യാകുമാരിയിൽ സെപ്റ്റംബർ ഏഴിന് ആരംഭിച്ച യാത്ര മൂവായിരത്തിലധികം കിലോമീറ്ററുകൾ താണ്ടിയാണ് ശനിയാഴ്ച ഡൽഹിയിൽ എത്തിയത്.
പുലർച്ചെ ആറരയ്ക്ക് ബദർപുർ അതിർത്തിയിൽ ആരംഭിച്ച യാത്ര മോഹൻ സ്റ്റേറ്റ്, ന്യൂഫ്രണ്ട്സ് കോളനി, ആശ്രം ചൗക്, ഹസ്രത് നിസാമുദ്ദീൻ, ഇന്ത്യാ ഗേറ്റ്, തിലക് ബ്രിഡ്ജ്, ഡൽഹി ഗേറ്റ് പിന്നിട്ട് വൈകുന്നേരം ചെങ്കോട്ടയ്ക്കു സമീപമാണ് അവസാനിച്ചത്. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയ്റാം രമേശ്, പവൻ ഖേര, ഭൂപീന്ദർ സിംഗ് ഹൂഡ, രണ്‍ദീപ് സുർജേവാല, കെ.സി. വേണുഗോപാൽ തുടങ്ങിയവരും യാത്രയിൽ പങ്കെടുത്തു. പ്രശസ്ത ചലച്ചിത്രതാരവും മക്കൾ നീതിമയ്യം സ്ഥാപക നേതാവുമായ കമൽഹാസൻ പങ്കുചേർന്നത് യാത്രയുടെ ആവേശമുയർത്തി.
Leave A Comment