ജോഡോ യാത്ര യുപിയിൽ; അണി ചേർന്ന് ശിവസേന എംപിയും റോ മുൻ മേധാവിയും
ലക്നോ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിലേക്ക് കടന്നു. ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ (റോ) മുൻ ചീഫും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ മുൻ സ്പെഷൽ ഡയറക്ടറുമായ അമർജിത് സിംഗ് ദുലത് ജോഡോ യാത്രയുടെ ഭാഗമായി.
മുൻ കോൺഗ്രസ് വക്താവും നിലവിൽ ശിവസേന എംപിയുമായ പ്രിയങ്ക ചതുർവേദി സീലാംപുരിൽ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ അണിചേർന്നു. പ്രതിപക്ഷം ഒന്നിച്ച് രാജ്യത്തെ നിലവിലെ സാഹചര്യം നേരിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി അവർ പറഞ്ഞു.
ചൊവ്വാഴ്ച യുപിയിൽ പ്രവേശിച്ച ജോഡോ യാത്രയ്ക്കൊപ്പം പ്രിയങ്ക ഗാന്ധിയും മറ്റ് നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും അകമ്പടിയായി. ലോണി അതിർത്തിയിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ യാത്രയെ സ്വീകരിച്ചു. ഡൽഹിയിലെ മർഗത് ഹനുമാൻ ക്ഷേത്രത്തിലെ സന്ദർശനത്തോടെയാണ് രാഹുൽ ഗാന്ധി യുപിയിലേക്കുള്ള യാത്ര തുടങ്ങിയത്.
ബിഎസ്പി നേതാവ് മായാവതിയും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും യാത്രയുടെ ഭാഗമാകുന്നില്ലെങ്കിലും ആശംസകൾ അറിയിച്ചു. ക്രിസ്മസിനും പുതുവർഷത്തിനും ശേഷം ഒൻപത് ദിവസത്തെ ഇടവേള കഴിഞ്ഞാണ് ജോഡോ യാത്ര പുനരാരംഭിച്ചിരിക്കുന്നത്.
മൂന്ന് ദിവസമാണ് യുപിയിൽ രാഹുൽ പര്യടനം നടത്തുന്നത്. ജനുവരി ആറിന് ജോഡോ യാത്ര ഹരിയാനയിൽ പ്രവേശിക്കും.
Leave A Comment