രാഷ്ട്രീയം

കർണാടകയിൽ ബിജെപിക്ക് കനത്ത തിരിച്ചടി; മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ പാർട്ടി വിട്ടു

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് വൻ പ്രതിസന്ധിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. മുൻ മുഖ്യമന്ത്രിയും പാർട്ടിയുടെ മുതിർന്ന നേതാവുമായ ജഗദീഷ് ഷെട്ടാർ പാർട്ടി വിട്ടു. ശനിയാഴ്ച അര്‍ധരാത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം.

കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാൻ, പ്രഹ്ലാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ രാത്രിയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയായിരുന്നു പൊടുന്നനെയുള്ള രാജി പ്രഖ്യാപനം. എംഎല്‍എ സ്ഥാനവും രാജി വയ്ക്കുകയാണെന്ന് ജഗദീഷ് ഷെട്ടാര്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ താന്‍ ഉറപ്പായും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൃദയഭാരത്തോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയാണ്. ഈ പാര്‍ട്ടി കെട്ടിപ്പടുത്തതും വളര്‍ത്തിയതും ഞാനാണ്. പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാനുള്ള സാഹചര്യം ചില നേതാക്കള്‍ തന്നെ സൃഷ്ടിച്ചതാണെന്നും ഷെട്ടാർ പറഞ്ഞു. അതേസമയം, ഷെട്ടാറിന്‍റെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

Leave A Comment