കർണാടകത്തിൽ ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ
ബംഗളൂരു: കർണാടകത്തിൽ രാഷ്ട്രീയ നാടകങ്ങൾക്ക് ഫസ്റ്റ് ബെൽ നൽകി എക്സിറ്റ്പോൾ ഫലങ്ങൾ. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.
റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ്പോളിൽ കോൺഗ്രസിനാണ് നേരിയ മുൻതൂക്കം. കോൺഗ്രസ് 94 മുതൽ 108 സീറ്റുകൾ വരെ നേടുമെന്ന് റിപ്പബ്ലിക് ടിവി പ്രവചിക്കുന്നു. ബിജെപിയാവട്ടെ 85-100 സീറ്റുകൾ സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടൽ. കർണാടക രാഷ്ട്രീയത്തിലെ നിർണായക ശക്തിയായ ജെഡിഎസ് 24 മുതൽ 32 സീറ്റുവരെ നേടിയേക്കുമെന്നും റിപ്പബ്ലിക് ടിവി എക്സിറ്റ്പോൾ പറയുന്നു.
ഏഷ്യാനെറ്റ് സുവർണ എക്സിറ്റ്പോൾ ഫലങ്ങൾ ബിജെപിക്ക് നേരിയ മേൽക്കൈ പ്രവചിക്കുന്നു. ബിജെപി 94 മുതൽ 117 സീറ്റുവരെ നേടുമെന്ന് പറയുന്ന സുവർണ പ്രവചനം കോൺഗ്രസിന് 91 മുതൽ 106 സീറ്റുവരെയാണ് പ്രതീക്ഷിക്കുന്നത്. ജെഡിഎസിന് 14 മുതൽ 24 സീറ്റുവരെ ലഭിക്കുമെന്നും പറയുന്നു.
ടിവി 9 എക്സിറ്റ്പോൾ പ്രവചനവും കോൺഗ്രസ് മുന്നേറ്റമാണ് പ്രവചിക്കുന്നത്. കോൺഗ്രസ് കർണാടകത്തിൽ 99 മുതൽ 109 സീറ്റുവരെ നേടുമെന്ന് ടിവി 9 പറയുന്നു. ബിജെപി നൂറിൽ താഴേയ്ക്കുപോകുമെന്നും ടിവി 9 പ്രവചിക്കുന്നു. ബിജെപിക്ക് 88-98 സീറ്റുകളാണ് ലഭിക്കുക. ജെഡിഎസിന് 21-26 സീറ്റുകളും ലഭിച്ചേക്കുമെന്നും ടിവി 9 എക്സിറ്റ്പോൾ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
സീ ന്യൂസ് പ്രവചനവും ബിജെപിയെ കർണാടകം കൈവിട്ടേക്കുമെന്നാണ്. ബിജെപി സെഞ്ചുറി അടിക്കാൻ കഴിയാതെ 79-94 സീറ്റുകളിൽ ഒതുങ്ങുമെന്ന് സീ ന്യൂസ് പറയുന്നു. കോൺഗ്രസിനാണ് സീ ന്യൂസ് നേരിയ മുൻതൂക്കം നൽകുന്നത്. കോൺഗ്രസ് 103-118 സീറ്റുകൾ നേടിയേക്കും. ജെഡിഎസിന് 25-33 സീറ്റുകളും ലഭിക്കുമെന്ന് പറയുന്നു.
Leave A Comment