ശ്രീനിജനുമായി ആന്റോ ജോസഫിന്റെ ഇടപാട്, ഷാജൻ സ്കറിയക്ക് എല്ലാമറിയാം: വിപി സജീന്ദ്രൻ
കൊച്ചി: കെ പി സിസി സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആന്റോ ജോസഫിനെതിരെ കെപിസിസി വൈസ് പ്രസിഡൻറ് വിപി സജീന്ദ്രൻ. ഇടത് എംഎൽഎ പിവി ശ്രീനിജനിൽ നിന്ന് പണം വാങ്ങിയത് ആന്റോ ജോസഫാണെന്ന് വിപി സജീന്ദ്രൻ ആരോപിച്ചു. ആന്റോ ജോസഫും പിവി ശ്രീനിജനും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തുവന്നിരിക്കുന്നുവെന്നും ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക് അറിയാമായിരുന്നുവെന്നും ഇത് പുറത്താകാതെ ഇരിക്കാനാണ് ശ്രീനിജൻ ഷാജനെതിരെ നിയമനടപടിയുമായി നീങ്ങിയതെന്നും വിപി സജീന്ദ്രൻ പറഞ്ഞു.
സിനിമാ മേഖലയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഷാജൻ സ്കറിയക്ക് അറിയാമായിരുന്നു. അദ്ദേഹം ഇക്കാര്യത്തിൽ ലേഖനങ്ങൾ എഴുതിയിരുന്നു. കണക്കുകൾ പുറത്തുവിടുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. പിന്നീട് അദ്ദേഹം ഒളിവിൽ പോവുകയും കോടതിയിൽ കേസെത്തുകയുമായിരുന്നു. ഇതെല്ലാം ഇനിയും പുറത്തുവരും. ഒന്നും ഒളിച്ചുവെക്കാനാവില്ല.
പിവി ശ്രീനിജനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുക്കണം. സ്പോർട്സ് കൗൺസിൽ കുട്ടികളെ എന്ത് കുറ്റം ചെയ്തിട്ടാണ് ഗേറ്റ് അടച്ചിട്ട് പുറത്ത് നിർത്തിയത്? ഇങ്ങനെ പെരുമാറാൻ സ്പോർട്സ് കൗൺസിൽ ആരുടെയും കുടുംബസ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment