രാഷ്ട്രീയം

പ്രതിപക്ഷ ഐക്യയോഗം കേരളത്തിൽ നടത്താമോ? വെല്ലുവിളിച്ച് ബിജെപി

തിരുവനന്തപുരം: പ്രതിപക്ഷ ഐക്യയോഗം കേരളത്തിൽ നടത്താൻ വെല്ലുവിളിച്ച് ബിജെപി. സിപിഎമ്മിനെയും കോൺഗ്രസിനെയും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാമോ? ബെംഗളൂരു യോഗത്തിൽ ആത്മാർഥത ഉണ്ടെങ്കിൽ പൊതു സ്ഥാനാർത്ഥിയെ കേരളത്തിൽ നിർത്താൻ തയാറുണ്ടോയെന്നും പികെ കൃഷ്ണദാസ് ചോദിച്ചു. റെയിൽവെ പാസഞ്ചർ അമിനിറ്റി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിൽ വിളിച്ച വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ചോദ്യങ്ങൾ.

പ്രതിപക്ഷ ഐക്യ യോഗത്തിൽ പാറ്റ്നയിലും ബെംഗളൂരുവിലും കേരളത്തിലെ ഇടത് - വലത് മുന്നണികളുടെ ഘടക കക്ഷികൾ പങ്കെടുത്തു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഒരുമിച്ച് നിൽക്കുമോ? പ്രതിപക്ഷ യോഗത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ പൊതുസ്ഥാനാർത്ഥിയെ മത്സരിപ്പിക്കാമോ? ഇതേ യോഗം കേരളത്തിൽ വച്ച് നടത്താൻ പറ്റുമോ? കല്യാണം കഴിഞ്ഞാൽ പിന്നെ ഒളിച്ചു താമസിക്കുന്നത് എന്തിനാണെന്ന പരിഹാസവും പികെ കൃഷ്ണദാസ് ഉന്നയിച്ചു.

കേരളത്തിലെ ജനങ്ങളെ ഇടത് - വലത് മുന്നണികൾ വിഡ്ഢികളാക്കരുത്. സിപിഎമ്മും കോൺഗ്രസും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. മുന്നണികളുടെ ഇരട്ടത്താപ്പ് നയം ജനങ്ങൾ തിരിച്ചറിയണം. ഇത് തുറന്നുകാട്ടി ബിജെപി രംഗത്ത് വരും. പ്രതിപക്ഷത്തിന്റെ I-N-D-I-A (ഇന്ത്യ) സഖ്യം ദേശവിരുദ്ധ കൂട്ടായ്മയാണെന്നും അദ്ദേഹം വിമർശിച്ചു. മണിപ്പൂരിലേത് മതങ്ങൾ തമ്മിലുള്ള പ്രശ്നമല്ലെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ജനങ്ങൾ ഒഴിവാക്കേണ്ടതാണ്. ശത്രു രാജ്യവുമായി ഏറ്റുമുട്ടുന്ന രീതിയിൽ വിഷയം കൈകാര്യം ചെയ്യാൻ പ്രയാസമാണ്. സംഘടനകളുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment