'പറഞ്ഞത് യുവമോര്‍ച്ചയ്ക്ക് മനസിലാകുന്ന മറുപടി': ന്യായീകരിച്ച് പി.ജയരാജന്
കണ്ണൂര്‍: യുവമോര്‍ച്ചാ പ്രവർത്തകർക്കെതിരേ നടത്തിയ ഭീഷണി പ്രസ്താവനയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജന്.

നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരേ യുവമോര്‍ച്ചക്കാര്‍ നടത്തിയത് ഭീഷണിയാണ്. അവര്‍ക്ക് മനസിലാകുന്ന മറുപടിയാണ് താന്‍ പറഞ്ഞതെന്നും ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു.
കുട്ടികളുടെ പരിപാടിയില്‍ ഷംസീര്‍ വിമര്‍ശിച്ചത് അശാസ്ത്രീയതയെ ആണ്. അതില്‍ വിശ്വാസിയായ ഒരു മനുഷ്യനും വേദന തോന്നാന്‍ ഇടയില്ല. ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആര്‍എസ്എസ് കരുതേണ്ടെന്നും ജയരാജന്റെ പോസ്റ്റില്‍ പറയുന്നു.
ഷംസീറിന് നേരെ കൈയോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലെന്ന ജയരാജന്റെ പ്രസ്താവനയാണ് വിവാദമായത്. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കുള്ള മറുപടിയായിട്ടായിരുന്നു ജയരാജന്റെ പരാമര്‍ശം.
ഗണപതിയെ അപമാനിച്ചതില്‍ മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ മുന്നറിയിപ്പ്. ജോസഫ് മാഷിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്. എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളുമെന്ന് കരുതരുതെന്നും ഗണേഷ് പറഞ്ഞിരുന്നു.
Leave A Comment