രാഷ്ട്രീയം

'പോളിംഗ് കുറഞ്ഞത് ഇലക്ഷന്‍ കമ്മീഷന്‍ പരിശോധിക്കണം': ചാണ്ടി ഉമ്മന്‍

കോട്ടയം: തിരക്ക് മൂലം പോളിംഗ് ബൂത്തുകളില്‍ നിന്നും ആളുകള്‍ തിരികെ പോയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ വ്യക്തത വരുത്തി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. സാങ്കേതികത്വമല്ല ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്‍റെ പ്രശ്‌നമെന്നും അതിന്‍റെ പേരില്‍ എന്നെ മോശക്കാരനാക്കി ചിത്രീകരിച്ചാല്‍ സാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

"സാങ്കേതികത്വം പറഞ്ഞിട്ട് കാര്യമില്ല, മനുഷ്യത്വം പരിഗണിക്കണം. എന്‍റെ പിതാവ് കാണിച്ചുതന്നത് അതാണ്. ടെക്‌നിക്കാലിറ്റി വച്ച് ആളുകളെ ബുദ്ധിമുട്ടിക്കരുത്. ഞാനതേ ഉദ്ദേശിച്ചുള്ളൂ. വേറെ അവസരം ഒരുക്കി നല്‍കാന്‍ കഴിയുമോ അതെല്ലാം ചെയ്യണം. വോട്ട് ചെയ്യുന്നതിനായി ആളുകള്‍ മണിക്കൂറുകളോളമാണ് നില്‍ക്കുന്നത്. അവരുടെ സമയത്തിന് വിലയില്ലേ', ചാണ്ടി ഉമ്മന്‍ ചോദിച്ചു.

വോട്ട് രേഖപ്പെടുത്താന്‍ സാധിക്കാതെ വോട്ടര്‍മാര്‍ തിരികെ പോകുന്ന അവസ്ഥ പുതുപ്പള്ളിയിലുണ്ടായെന്നും വോട്ടു ചെയ്യുന്നതില്‍ നിന്നും ചിലരെ തടയാന്‍ സംഘടിത നീക്കം നടന്നോ എന്ന സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് വോട്ടര്‍മാരെ മറ്റ് ബൂത്തുകളിലേക്ക് മാറ്റിക്കൂടെ എന്ന് ചോദിച്ചതെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

പോളിംഗ് ശതമാനം കുറഞ്ഞതിനുള്ള കാരണം ഇലക്ഷന്‍ കമ്മീഷന്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാരന് വേണ്ടിയാണ് സംസാരിച്ചതെന്നും എന്‍റെ ജനങ്ങളുടെ ബുദ്ധിമുട്ടാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിനിടയില്‍ ഉണ്ടായതിനേക്കാള്‍ വലിയ അപവാദങ്ങള്‍ കുടുംബം മുന്‍പ് നേരിട്ടിട്ടുണ്ടെന്നും ഇത് സാമാന്യം ചെറിയ അക്രമണം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave A Comment