'ദേവഗൗഡ വിപ്പ് നൽകിയാൽ എന്തുചെയ്യും'?: ഗോവിന്ദനോട് ചെന്നിത്തല
തിരുവനന്തപുരം: ബി ജെ പിയുടെ ഘടകകക്ഷിയായ ജെ ഡി എസ് അംഗം കെ കൃഷ്ണൻകുട്ടി മന്ത്രിയായി തുടരുന്നതിനെ ന്യായീകരിച്ച ഗോവിന്ദൻ മാഷ് ബി ജെ പിയുടെ ഏജൻ്റി നെപ്പോലെയാണ് സംസാരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജെ ഡി എസ് സംസ്ഥാന നേതൃത്വം തങ്ങൾ ദേവഗൗഡയ്ക്ക് ഒപ്പമല്ല എന്നു പറഞ്ഞാൽ തീരുന്ന കാര്യമാണോയെന്നും ചെന്നിത്തല ചോദിച്ചു. ദേശീയ പ്രസിഡൻ്റ് ദേവഗൗഡ വിപ്പ് നൽകിയാൽ അംഗീകരിച്ചല്ലേ മതിയാകൂ. അപ്പോൾപ്പിന്നെ എങ്ങനെയാണ് ഇവർക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണിയിലും മന്ത്രിസഭയിലും തുടരാൻ കഴിയുകയെന്നും മുൻ പ്രതിപക്ഷ നേതാവ് ചോദിച്ചു.ഗോവിന്ദൻ മാഷിൻ്റെ ന്യായീകരണം കേട്ടാൽ തോന്നും സി പി എമ്മും ബി ജെ പിയുടെ ഘടകകക്ഷിയാണെന്ന്. യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണു പാർട്ടി സെക്രട്ടറി പറയുന്നത്. ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ പിണറായി വിജയന് ബി ജെ പിയുമായുള്ള അന്തർധാര എത്രത്തോളം സജീവമാണെന്ന് വ്യക്തമാണ്. ഇതിലൂടെ രണ്ടാം പിണറായി സർക്കാറിന് ലഭിച്ച ബി ജെ പി വോട്ട് പാർലമെൻ്റ് ഇലക്ഷനിലും ലഭിക്കുമെന്ന ആത്മവിശ്വാസം തന്നെയാണ് സി പി എമ്മിന് ഉള്ളതെന്നും രമേശ് ചെന്നിത്തല ചൂണ്ടികാട്ടി.
ഇതിൻ്റെ നീക്കുപോക്ക് സജീവമായി തുടരുന്നതിനാലാണ് ഔദ്യോഗികമായി ബി ജെ പിയുടെ ഭാഗമായ കൃഷ്ണൻകുട്ടിയെ മന്ത്രി സഭയിൽനിന്ന് ഒഴിവാക്കാത്തതിനു പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൃഷ്ണൻകുട്ടിയെ ഒഴിവാക്കാത്തത് അധാർമ്മിക നടപടിയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Leave A Comment