രാഷ്ട്രീയം

യൂത്ത് കോണ്‍ഗ്രസ് ആത്മഹത്യ സ്ക്വാഡായി മാറിയെന്ന് എംവിഗോവിന്ദന്‍, ഭീകരപ്രവര്‍ത്തനമെന്ന് ഇപി

കണ്ണൂര്‍: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും  മന്ത്രിമാരും വന്ന ബസ്സിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഏഫ്ഐെ പ്രവര്‍ത്തകര്‍ തല്ലി ചതച്ചതിനെ ന്യായീകരിച്ച് സിപിഎം നേതാക്കള്‍ രംഗത്ത്. യൂത്ത് കോണ്‍ഗ്രസ്  ആത്മഹത്യ സ്ക്വാഡായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ പറഞ്ഞു. ജനങ്ങൾ ആത്മനിയന്ത്രണത്തോടെ ഇത് കൈകാര്യം ചെയ്യണം. ഒരു കയ്യേറ്റത്തിനും തയ്യാറാവരുത്. ഒരു അക്രമവും ഇനി ഉണ്ടാകാൻ പാടില്ല. കേസ് കേസിന്‍റെ  രീതിയിൽ പോകും. 

നവകേരള സദസ്സില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള പ്ലാനിൽ വീണുപോകരുത്. അക്രമം പാടില്ല എന്ന ഉറച്ച നിലപാടാണ് സിപിഎമ്മിനുള്ളത്. കരിങ്കൊടി പൊക്കി ആത്മഹത്യ ചെയ്യാൻ വന്നതിനെ അപലപിക്കണോയെന്ന് അദ്ദേഹം ചോദിച്ചു.യുത്ത് കോണ്‍ഗ്രസുകരുടെ അക്രമത്തെ  ഗാന്ധിയൻ മനസ്സോടെ കണ്ടിരിക്കാൻ കഴിയില്ലെന്ന് ഇപിജയരാജന്‍ പറഞ്ഞു. കോൺഗ്രസ്‌ പ്രവർത്തകരുടേത് ഭീകര പ്രവർത്തനമാണ്. വടിയും കല്ലുമായാണ് അവര്‍ വന്നത്. ഇത് കേരളം ആയത് കൊണ്ട് അവർക്ക് ഒന്നും സംഭവിച്ചില്ല. മുഖ്യമന്ത്രിയെ അപായപെടുത്തുകയായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ  ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment