രാഷ്ട്രീയം

മോദിയെ സ്വീകരിക്കാനുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ അഴിപ്പിച്ചു; തിരികെ കെട്ടിച്ച് ബിജെപി

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനായി ബിജെപി പ്രവര്‍ത്തകര്‍ തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ കോര്‍പ്പറേഷന്‍ അഴിപ്പിച്ചു. പിന്നീട് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ ഫ്ലക്സ് തിരിച്ചു കെട്ടി. ഉച്ചയോടെയായിരുന്നു സംഭവം. തെക്കേ ഗോപുര നടയ്ക്ക് സമീപത്തുള്ള പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളാണ് കോര്‍പ്പറേഷന്‍ വാഹനത്തിലെത്തി ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്.  പിന്നാലെ പ്രതിഷേധവുമായി ബിജെപി ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി ബോര്‍ഡ് അഴിക്കുന്നത് തടഞ്ഞു. വാഹനത്തില്‍ കയറ്റിയ ഫ്ലക്സ് ബോര്‍ഡുകള്‍ തിരികെ കെട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു.

നവകേരള സദസ്സിന്‍റെ  മുഖ്യമന്ത്രിയുടെ ബോര്‍ഡും കഴിഞ്ഞ ദിവസം നടന്ന ഐഎന്‍ടിയുസി സംസ്ഥാന സമ്മേള ബോര്‍ഡും നഗരത്തിലുണ്ടായിരുന്നു. ഇതൊന്നും അഴിപ്പിക്കാതെ പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഫ്ളക്സ് അഴിപ്പിച്ചത് രാഷ്ട്രീയമാണന്നും അത് അനുവദിക്കില്ലെന്നും ബിജെപി നിലപാടെടുത്തു. പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഗേറ്റിന് മുന്നില്‍ ഫ്ളക്സ് കെട്ടുകയും ചെയ്തു. പിന്നാലെ ഉദ്യോഗസ്ഥര്‍ തന്നെ ഫ്ളക്സ് ബോര്‍ഡുകള്‍ തിരികെ കെട്ടി.

Leave A Comment