രാഷ്ട്രീയം

ആർഎംപി നേതാവ് ഹരിഹരന്റെ വീട് ആക്രമിച്ച സംഭവം; സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ

കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീട് ആക്രമിച്ചതിന് പിന്നിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ. ​ഗേറ്റിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിക്കുകയായിരുന്നു എന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. അതേ സമയം സംഭവത്തിലെ പ്രതികളാരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിൽ വന്ന അഞ്ച് പേരാണ് അസഭ്യം വിളിച്ചത്. ഇന്നലെ വൈകിട്ട് 8.15ഓടെയാണ് കെഎസ് ഹരിഹരന്റെ വീടിന് നേർക്ക് ആക്രമണമുണ്ടായത്. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേർക്ക് സ്ഫോടകവസ്തു എറിയുകയായിരുന്നു. ഇത് ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാലാണ് അപകടം ഒഴിവായത്. 

അതേ സമയം, ഹരിഹരന്റെ വീടിന് നേരെയുള്ള ആക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയെന്ന് ആർഎംപി ആരോപിച്ചു. കണ്ണൂർ മോ‍ഡൽ ഇടപെടലാണ് നടന്നത്. മാപ്പ് കൊണ്ട് അവസാനിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്നും ആർഎംപി പറഞ്ഞു. ഒറ്റപ്പെട്ട സംഭവമല്ലെന്നും സിപിഎമ്മിനെതിരെ പറയുന്നവരുടെ വായ് അടക്കുകയാണ് അജണ്ടയെന്നും ആർഎംപി കുറ്റപ്പെടുത്തി. സിപിഎം ഇതിൽ നിന്നും പിന്മാറണമെന്നും ആർഎംപി ആവശ്യപ്പെട്ടു.

Leave A Comment